ജിം ഇന്‍സ്ട്രക്ടറില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്
അഗര്‍ത്തല: അപ്രതീക്ഷിതമായി അധികാരം കൈവന്നതോടെ ത്രിപുരയില്‍ ബി.ജെ.പി ആരെ മുഖ്യമന്ത്രിയാക്കുമെന്ന ചര്‍ച്ചയും സജീവമായി.
ഡല്‍ഹിയിലെ ജിം ഇന്‍സ്ട്രക്ടറും സംഘ്പരിവാറിന്റെ സജീവ പ്രവര്‍ത്തകനുമായ 48 കാരനായ ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ബിപ്ലബിന്റെ പേര് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ പറയുന്നു. ത്രിപുര ബി.ജെ.പി പ്രസിഡന്റുകൂടിയായ അദ്ദേഹം ബനാമലിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്.
ബി.ജെ.പിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമമായി ഉയര്‍ത്തി കാണിക്കാന്‍ കഴിയുന്നത് ബിപ്ലബ് ദേബിനെയാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചു. സംഘ്പരിവാര്‍ പ്രവര്‍ത്തകനായ അദ്ദേഹം ഇതുവരെ ഒരു തരത്തിലുള്ള വിവാദത്തിലും ഇടപെട്ടിട്ടില്ലെന്നതും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള കാരണമാണ്.
കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയാണ്. മധ്യപ്രദേശിലെ സത്ന ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബി.ജെ.പി എം.പി ഗണേശ് സിങ്ങിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ബിപ്ലബ് ദേബ്, പിന്നീടാണ് ത്രിപുരയിലെ പാര്‍ട്ടി ചുമതലയിലേക്ക് നിയോഗിക്കപ്പെടുന്നത്. എസ്.ബി.ഐ പാര്‍ലമെന്റ് ഹൗസ് ശാഖയിലെ ഡെപ്യൂട്ടി മാനേജരാണ് ബിപ്ലബിന്റെ ഭാര്യ. രണ്ട് കുട്ടികളുണ്ട്.
ബിപ്ലബിനെ ത്രിപുരയിലേക്ക് നിയോഗിച്ചത് പ്രത്യേക ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്ന് ബി.ജെ.പി നേതൃത്വം പറയുന്നു. പ്രായക്കുറവും തദ്ദേശീയനുമായ അദ്ദേഹത്തിലൂടെ പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ നിയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."