ഉ.കൊറിയയുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ അമേരിക്ക തയാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ വാര്‍ഷിക ഗ്രിഡിറോണ്‍ ക്ലബ് വിരുന്നിനിടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, ചര്‍ച്ച ആരംഭിക്കണമെങ്കില്‍ ആദ്യം പ്യോങ്‌യാങ് ആണവനിരായുധീകരണം നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
'ഇപ്പോള്‍ നമ്മള്‍ വിഷയം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് അവര്‍ വിളിച്ചിരുന്നു. ചര്‍ച്ചയ്ക്ക് ആഗ്രഹിക്കുന്നതായി അവര്‍ അറിയിക്കുകയും ചെയ്തു. ഞങ്ങളും ചര്‍ച്ച ആഗ്രഹിക്കുന്നുവെന്നാണു മറുപടി നല്‍കിയത്. എന്നാല്‍, അതിനു മുന്‍പ് ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് '-ട്രംപ് വിരുന്നില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരസ്പരം കൂടിയിരുന്ന് എന്തെങ്കിലും അനുകൂലമായ നടപടികളുണ്ടാകുമോ എന്ന കാര്യം ആലോചിക്കുമെന്നും ട്രംപ് അറിയിച്ചു.
ഉ.കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ട്രംപ് പരിഹാസസ്വരത്തിലാണോ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന സംശയത്തിലായിരുന്നു മുന്നിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍.
അതിനിടെ, ഉ.കൊറിയയിലേക്ക് ഉന്നത ദൗത്യസംഘത്തെ അയക്കാന്‍ ദ.കൊറിയ തീരുമാനിച്ചു. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന ഔദ്യോഗിക സന്ദര്‍ശനം രണ്ടു ദിവസം നീണ്ടുനില്‍ക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണു സന്ദര്‍ശനമെന്നാണ് അറിയുന്നത്. നേരത്തെ, കഴിഞ്ഞ മാസം ദ.കൊറിയയിലെ പ്യോങ്ചാങ്ങില്‍ സമാപിച്ച ശീതകാല ഒളിംപിക്‌സില്‍ ഉ.കൊറിയയില്‍നിന്ന് ഉന്നത സംഘവും കായിക താരങ്ങളും പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."