ചാലിയാറില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗെ പടരുന്നു; വെള്ളത്തില്‍ ഇറങ്ങരുതെന്നു മുന്നറിയിപ്പ്; കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുത്
മാവൂര്‍: ചാലിയാറില്‍ മത്സ്യസമ്പത്തിനടക്കം വലിയ ഭീഷണി ഉയര്‍ത്തി വിഷ പായലായ ബ്ലൂ ഗ്രീന്‍ ആല്‍ഗെ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ഇന്നലെ രാവിലെയാണ് പരിശോധന നടത്തിയത്. പരിശോധനാ ഫലം പുറത്തുവരുന്നത് വരെ വെള്ളം കുടിക്കുവാനും കുളിക്കുവാനും ഉപയോഗിക്കരുതെന്ന് സി.ഡബ്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞന്‍ ഡോ. എസ്. ദിപു മുന്നറിയിപ്പ് നല്‍കി. പുഴയില്‍ കുളിച്ചാല്‍ ചൊറിച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ചാലിയാറിന്റെ ഇരുകരകളിലുമായി വിവിധ കുടിവെള്ള പദ്ധതികള്‍ വഴി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രധാന നഗരങ്ങളിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളജ്, മലപ്പുറം ജില്ലയിലെ കിന്‍ഫ്ര തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വെള്ളം എത്തിക്കുന്നുണ്ട്. അരീക്കോട്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, കീഴുപറമ്പ്, കൊടിയത്തൂര്‍, മാവൂര്‍എന്നീ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളം മലിനമായ സാഹചര്യമാണുള്ളത്. പുഴയില്‍ അരീക്കോട് പത്തനാപുരം പാലത്തിന് സമീപം മുതല്‍ മൂര്‍ക്കനാട് വരെയുള്ള അഞ്ച് കിലോമീറ്റര്‍ പ്രദേശത്ത് കട്ടിയേറിയ പാടപോലെ പച്ചയും നീലയും കലര്‍ന്ന പായല്‍ ആല്‍ഗെ പടര്‍ന്നിട്ടുണ്ട്.
വെള്ളത്തിന് നിറവും ഗന്ധവും തുടങ്ങിയിട്ടുണ്ട്. ഡോ. എസ് ദിപുവിന്റെ നേതൃത്വത്തില്‍ സി.ഡബ്യു.ആര്‍.ഡി.എമ്മില്‍നിന്നുള്ള ശാസ്ത്രജ്ഞന്‍മാരുടെ സംഘവും കോഴിക്കോട് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. കെ രഘു, അരീക്കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. ഹുസൈന്‍, മാവൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഉണ്ണികൃഷ്ണന്‍, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറ അമ്പായത്തിങ്കല്‍, റിസര്‍ച്ച് ഫെലോമാരായ പി.പി റഹീം, പി.പി അശ്വനി തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്. സംഘം ചാലിയാറില്‍നിന്ന് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. തുടര്‍ന്ന് അരീക്കോട് ഗ്രാമപഞ്ചായത്തോഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധസംഘടനാപ്രതിനിധികളും പങ്കെടുത്തു. പരിഹാരം ആവശ്യപ്പെട് ദൗത്യസംഘം ഇന്ന് രാവിലെ മലപ്പുറം ജില്ലാകലക്ടറെ കാണുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ബ്ലൂ ഗ്രീന്‍ ആല്‍ഗെ: മനുഷ്യനും മൃഗങ്ങള്‍ക്കും ഭീഷണി
കോഴിക്കോട്: ചാലിയാറില്‍ കണ്ടെത്തിയ ബ്ലൂ ഗ്രീന്‍ ആല്‍ഗെ എന്ന വിഷ പായൽ മനുഷ്യനും മൃഗങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും ഭീഷണി. കോമണ്‍വെല്‍ത്ത് സയിന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (സി.എസ്.ഐ.ആര്‍.ഒ) പഠനങ്ങളിലാണ് ഇത്തരം ആല്‍ഗകളെ കണ്ടെത്തിയത്. സാധാരണ പച്ചനിറത്തിലും ചിലപ്പോള്‍ നീലനിറത്തിലും ആണ് ഇവ കാണപ്പെടുക. ജലത്തില്‍ മാലിന്യത്തിന്റെ അളവ് വന്‍തോതില്‍ വര്‍ധിച്ച് ഓക്‌സിജന്‍ കുറയുമ്പോഴാണ് ബ്ലൂ ഗ്രീന്‍ ആല്‍ഗകള്‍ പ്രത്യക്ഷപ്പെടുക. ഇതിന്റെ അളവ് കൂടുമ്പോള്‍ വെള്ളത്തില്‍ വിഷ സാന്നിധ്യമുണ്ടാകുകയും മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്യും. ഈ ബാക്ടീരിയയുടെ ഭക്ഷണം നൈട്രജനും ഫോസ്ഫറസുമാണ്. ജലത്തില്‍ ഇവയില്ലാതെ ബാക്ടീരിയ വളരാന്‍ സാധ്യതയില്ല. ചൂടുകാലത്ത് ആല്‍ഗകള്‍ കൂടുതലായി വളരും. വെള്ളത്തിന്റെ ഉപരിതലത്തില്‍ ചൂടുകൂടിയ പാളിയിലാണ് ഇവ സാധാരണ കാണപ്പെടുക.
ചൊറിച്ചില്‍, കണ്ണിനു രോഗം, ഛര്‍ദി, ഓക്കാനം, പേശികള്‍ക്ക് ബലം കുറയുക എന്നിവയാണ് ഈ വെള്ളം ഉപയോഗിച്ചാലുണ്ടാകുന്ന രോഗങ്ങള്‍. മൃഗങ്ങളും മത്സ്യവും ചാകാനും ഇതു കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."