മൈക്രോ ഫിനാന്‍സ് കേസ്: വി.എസിന്റെ മൊഴി എടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: എസ്.എന്‍.ഡി.പി യോഗത്തിന്റെ മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം കൂടി ഹൈക്കോടതി അനുവദിച്ചു.
കേസില്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മൊഴി എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പരാതിക്കാരനായ അച്യുതാനന്ദന് രേഖകള്‍ സമര്‍പ്പിക്കാനുണ്ടെങ്കില്‍ അന്വേഷണ സംഘത്തിന് കൈമാറാമെന്നും കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാന്‍ എസ്.എന്‍. ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവര്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നടപടി.
ഇന്നലെ ഹരജി പരിഗണനക്കെടുത്തപ്പോള്‍ കേസ് ഡയറി പരിശോധിച്ചെങ്കിലും ആരോപണ വിധേയരെ കേസില്‍ ഉള്‍പ്പെടുത്താനുള്ള തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതിനായി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും വിജിലന്‍സിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. പുതിയ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പും ഹാജരാക്കി. തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരുമാസം കൂടി സമയം നല്‍കിയത്.
2003 മുതല്‍ 2014 വരെ 15.85 കോടി രൂപയാണ് സംസ്ഥാന പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്ന് എസ്.എന്‍.ഡി.പിയോഗം കൈപ്പറ്റിയതെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നാണ് വിജിലന്‍സ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."