മിണ്ടാതിരുന്നിട്ടും ഒഴിയാബാധയായി ത്രിപുര
പോളണ്ടിനെക്കുറിച്ചു മിണ്ടരുതെന്നു പണ്ടു പറഞ്ഞപോലെ ത്രിപുരയെക്കുറിച്ച് ഒന്നും ഉരിയാടേണ്ടെന്നു തീരുമാനിച്ചുറച്ചാണു ഭരണപക്ഷം സഭയിലെത്തിയത്. എന്നാല്‍, പ്രതിപക്ഷം പിറകെ നടന്നു ത്രിപുരയെ തലയില്‍ വച്ചുകെട്ടിയാല്‍ മിണ്ടാതിരിക്കാന്‍ പറ്റില്ലല്ലോ.
ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ എന്‍.എ നെല്ലിക്കുന്നാണു പ്രകോപനത്തിനു തുടക്കമിട്ടത്. ത്രിപുരയില്‍ ഇടതുപക്ഷം തോറ്റതില്‍ യു.ഡി.എഫിനു ദുഃഖമുണ്ടെങ്കിലും സി.പി.എമ്മുകാര്‍ സന്തോഷിക്കുകയാണെന്നു നെല്ലിക്കുന്ന് ആരോപിച്ചു. സീതാറാം യെച്ചൂരിയുടെ ലൈന്‍ ത്രിപുരയില്‍ പരാജയപ്പെടുകയും പ്രകാശ് കാരാട്ടിന്റെ ലൈന്‍ വിജയിക്കുകയും ചെയ്തതാണ് ആ സന്തോഷത്തിനു കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
ആ മനോഭാവം ശരിയല്ല. സംസ്ഥാനമന്ത്രിസഭയിലെ പ്രമുഖ കവിയായ ജി. സുധാകരന്റെ ഒരു കവിതയിലെ 'ഞാന്‍ ജീവിക്കുന്നു എന്നതല്ല ജീവിതം, പ്രപഞ്ചം ജീവിക്കുന്നുവെന്നതാണു ജീവിതം' എന്ന പ്രശസ്തമായ വരികള്‍ ഭരണപക്ഷത്തുള്ളവര്‍ ഒന്നു വായിച്ചുനോക്കണമെന്നു നെല്ലിക്കുന്ന് അഭ്യര്‍ഥിച്ചു. ഇന്ത്യയെന്നാല്‍ തലശ്ശേരിയോ ധര്‍മടമോ അല്ല. ചിലര്‍ക്കൊക്കെ നഷ്ടമുണ്ടായാലും ഇന്ത്യയെ രക്ഷിക്കുക തന്നെ വേണമെന്നു നെല്ലിക്കുന്നിന്റെ ഓര്‍മപ്പെടുത്തല്‍.
ഇത്രയൊക്കെ പ്രകോപനമുണ്ടായിട്ടും, തുടര്‍ന്നു ഭരണപക്ഷത്തുനിന്നു സംസാരിച്ച വി.കെ.സി മമ്മദ്‌കോയ, ഇ.കെ വിജയന്‍, കെ. കൃഷ്ണന്‍കുട്ടി, പി. ഉണ്ണി, ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എന്നിവരൊന്നും ത്രിപുരയെക്കുറിച്ചു പരാമര്‍ശിച്ചില്ല. എന്നാലും ത്രിപുരയെ വിടാന്‍ ഭാവമില്ലെന്ന മട്ടിലായിരുന്നു പ്രതിപക്ഷം.
സി.പി.എമ്മിന്റെ കൊലപാതകരാഷ്ട്രീയമാണു ത്രിപുരയിലെ പരാജയത്തിനു കാരണമെന്ന് അന്‍വര്‍ സാദത്ത്. സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ 10 പേരുടെ ചിതാഭസ്മം കൊണ്ടുനടന്നാണു ബി.ജെ.പി അവിടെ വോട്ടു പിടിച്ചത്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി ബി.ജെ.പിയെ വിജയിപ്പിക്കുകയെന്ന നയമാണ് സി.പി.എമ്മിന്റേത്. അതുകൊണ്ടാണു ത്രിപുരയില്‍ തോറ്റതില്‍ കേരളത്തിലെ സി.പി.എമ്മുകാര്‍ക്കു സങ്കടമില്ലാത്തതെന്നും അന്‍വര്‍ സാദത്ത്.
ഇത്രയുമായപ്പോള്‍ എന്തെങ്കിലും പറയാതിരിക്കാനാവില്ലെന്ന അവസ്ഥയിലായി ഭരണപക്ഷം. പശ്ചിമബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസുകാര്‍ ആയിരക്കണക്കിനു കമ്യൂണിസ്റ്റുകാരെ കൊന്നിട്ടുണ്ടെന്ന് എം. രാജഗോപാല്‍ ആരോപിച്ചു. ത്രിപുരയിലിപ്പോള്‍ കോണ്‍ഗ്രസുകാരെ തിരഞ്ഞുനടന്നാല്‍ കണ്ടുകിട്ടാത്ത അവസ്ഥയാണ്. ആര്‍ക്കും വിലയ്ക്കുവാങ്ങാവുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിട്ടുണ്ടെന്നും രാജഗോപാല്‍.
വില്‍പനയ്ക്കു വച്ച പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയതില്‍ സങ്കടമുണ്ടെന്നു രാജു എബ്രഹാം. ത്രിപുരയില്‍ തോറ്റെങ്കിലും സി.പി.എം അഭിമാനത്തോടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും രാജു. സി.പി.എമ്മിന്റെ ആക്രമണം സഹിക്കവയ്യാതെയാണു ത്രിപുരയിലെ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നു വി.ഡി സതീശന്റെ വാദം. ഒടുവില്‍, ത്രിപുരയുടെ പേരിലുള്ള പ്രതിപക്ഷത്തിന്റെ പരിഹാസത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. കോറം തികയാത്തതിനാല്‍ മന്ത്രിസഭായോഗം ചേരാന്‍ പോലും സാധിക്കാത്തവരാണു കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനു ബദലായി സ്വയം ഉയര്‍ത്തിക്കാട്ടുന്നതെന്നു വി.പി സജീന്ദ്രന്‍. ഇടതുമന്ത്രിമാര്‍ക്കു ജോലിചെയ്യാന്‍ വയ്യെങ്കില്‍ കുറച്ചു ബംഗാളികളെ കൊണ്ടുവന്നു മന്ത്രിമാരാക്കണം. ഇടതുഭരണത്തില്‍ വികാരിമാര്‍ക്കുപോലും രക്ഷയില്ലാതായിട്ടുണ്ട്. വികാരിയെ വധിച്ച കേസിലെ പ്രതിയെ നാട്ടുകാര്‍ കാട്ടില്‍നിന്ന് പിടികൂടിയപ്പോള്‍ അയാള്‍ പറഞ്ഞതു തനിക്ക് മുഖ്യമന്ത്രിയോടൊപ്പം സെല്‍ഫി എടുക്കണമെന്നാണ്. കൊലയാളികളെല്ലാം ഇപ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം നിന്നു സെല്‍ഫിയെടുക്കുകയാണെന്നും സജീന്ദ്രന്‍. കേരളത്തിനുള്ള ഒരുപാടു റെക്കോര്‍ഡുകളിലൊന്നു ബാലറ്റിലൂടെ ആദ്യമായി ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന നാടെന്നതാണെന്നു മഞ്ഞളാംകുഴി അലി. ഇങ്ങനെ പോയാല്‍ ബാലറ്റിലൂടെ പുറത്തായ അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുണ്ടായിരുന്ന നാടെന്ന റെക്കോര്‍ഡും കേരളത്തിനു ലഭിക്കുമെന്ന് അലി.
കാന്താരിമുളകില്‍ നിന്നു വീഞ്ഞുണ്ടാക്കാമെന്ന കണ്ടെത്തല്‍ കെ. കൃഷ്ണന്‍കുട്ടി സഭയില്‍ വെളിപ്പെടുത്തിയപ്പോള്‍ മറ്റുള്ളവര്‍ക്കെല്ലാം അത്ഭുതം. അതെങ്ങനെ സാധിക്കുമെന്ന് അവരുടെ ചോദ്യം. കാന്താരിമുളകില്‍ നിന്നു മാത്രമല്ല നെല്ലിക്ക, ജാതിയുടെ തോട്, വാഴപ്പഴം എന്നിവയില്‍ നിന്നൊക്കെ വീഞ്ഞുണ്ടാക്കാമെന്നും അത്തരം വ്യവസായങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കണമെന്നും കൃഷി വിദഗ്ധനായ കൃഷ്ണന്‍കുട്ടി.
സി.പി.എം ജില്ലാ സമ്മേളനങ്ങളിലുണ്ടായ കണ്ടെത്തല്‍ സി.പി.ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം ശരിയല്ലെന്നും സി.പി.ഐ ജില്ലാ സമ്മേളനങ്ങളിലെ കണ്ടെത്തല്‍ സി.പി.എം മന്ത്രിമാര്‍ ശരിയെല്ലെന്നുമാണെന്നും വി.ഡി സതീശന്‍. രണ്ടു പാര്‍ട്ടികളുടെയും മന്ത്രിമാര്‍ കൊള്ളരുതാത്തവരാണെന്ന് അവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണെന്നും സതീശന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."