ഇതരസംസ്ഥാന തൊഴിലാളികള്‍ ആശുപത്രി കെട്ടിടത്തില്‍ അനധികൃതമായി താമസിക്കുന്നതായി പരാതി
കക്കട്ടില്‍: ഇതര സംസ്ഥാന തൊഴിലാളികളെ അനധികൃതമായി സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തില്‍ താമസിപ്പിക്കുന്നതായി പരാതി. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് പരിസരവാസികള്‍ പറയുന്നു. തൊട്ടടുത്ത കായക്കൊടി പഞ്ചായത്തിലുള്‍പ്പെടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴാണ് മൊകേരി കലാനഗറിലുള്ള ആരോഗ്യ വകുപ്പിന്റെ പഴകി പൊളിഞ്ഞ സി.എച്ച്.സി സബ്‌സെന്ററില്‍ ഇരുപതോളം തൊഴിലാളികള്‍ താമസിക്കുന്നത്.
കെട്ടിടം പുനര്‍ നിര്‍മിക്കുന്നതിനായി എത്തിയ തൊഴിലാളികളാണ് ഇവര്‍. പണി കരാറെടുത്തയാളുടെ സ്വാധീനം കാരണം ബന്ധപ്പെട്ടവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതിയുണ്ട്. സ്വകാര്യ വ്യക്തി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പണിക്കെത്തിയ ബംഗാള്‍, ബീഹാര്‍ ,ഒഡീഷ സ്വദേശികള്‍ ഉള്‍പ്പെടെയുള്ള 50 ഓളം തൊഴിലാളികള്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലും താമസിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നത്. ആശുപത്രി കെട്ടിടത്തില്‍ താമസിക്കുന്ന തൊഴിലാളികളില്‍ പലരും മറ്റു സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നവരാണെന്നും ലേബര്‍ ക്യാംപാണെന്ന പരാതിയും വ്യാപകമാണ്. ഇതിനെതിരേ പ്രദേശവാസികള്‍ കര്‍മ്മസമിതിയുണ്ടാക്കിയിരുന്നു. എന്നാല്‍ പ്രധാനരാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതു കാരണം പ്രതിരോധം പരാജയപ്പെടുകയായിരുന്നു. പഞ്ചായത്തില്‍ നിന്നും കെട്ടിടം പണിയാനുള്ള സമ്മതപത്രം ലഭിച്ചുവെങ്കിലും സമീപവാസികള്‍ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. കൊടുംവേനലില്‍ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശത്താണ് കൂട്ടത്തോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ നിലയുറപ്പിച്ചത്. സമീപത്തെ കിണറുകള്‍ മലിനമാകുമോ എന്ന ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."