ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്
തെൽ അവീവ്/ഗസ്സ സിറ്റി: ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ് പോരാളികൾ. ഇസ്‌റാഈൽ സൈനിക മേധവി താമസിച്ചിരുന്ന വീടിന് നേരെ ഹമാസിന്റെ സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്‌സിന്റെ ആക്രമണം. ഇസ്‌റാഈൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) തലവൻ ഹെർസി ഹാലെവി തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.
വടക്കൻ ഗസ്സയിലാണു സംഭവം. സൈനിക നടപടികൾ വിലയിരുത്താനായി എത്തിയതായിരുന്നു ഹെർസി. ആക്രമണത്തിനു തൊട്ടുമുൻപ് ഹെർസി ഹാലെവി കെട്ടിടത്തിൽനിന്നു പുറത്തിറങ്ങിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒക്ടോബർ 29നാണ് ആക്രമണം നടന്നത്. ടാങ്ക് വേധ മിസൈലാണു കെട്ടിടത്തിനു മുകളിൽ പതിച്ചതെന്നാണു വിവരം. ഐ.ഡി.എഫ് പ്രത്യേക ദൗത്യസംഘമായ 'യൂനിറ്റ് 888'ലെ നാല് സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം സൈന്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹെർസിക്കുനേരെയുണ്ടായ വധശ്രമത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജബാലിയയിലാണ് ആക്രമണം നടന്നതെന്ന് 'ടൈംസ് ഓഫ് ഇസ്‌റാഈൽ' റിപ്പോർട്ടിൽ പറയുന്നു. ജബാലിയയിൽ സൈനിക ഓപറേഷൻ കേന്ദ്രമാക്കാൻ ഇസ്‌റാഈൽ നിശ്ചയിച്ചിരുന്ന കെട്ടിടമാണ് അൽഖസ്സാം ബ്രിഗേഡ്‌സ് തകർത്തത്. ക്യാപ്റ്റൻ യെഹോനാതൻ ജോനി കെറെൻ(22), സ്റ്റാഫ് സർജന്റുമാരായ നിസിം മെയ്തൽ(20), അവിവ് ഗിൽബോവ(21), നവോർ ഹൈമോവ്(22) എന്നിവരാണു കൊല്ലപ്പെട്ടത്. നാലു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 'ഗോസ്റ്റ് യൂനിറ്റ്' എന്ന് അറിയപ്പെടുന്ന ഐഡിഎഫിന്റെ മൾട്ടിഡയമൻഷെനൽ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നവരാണ് എല്ലാവരും.
പുലർച്ചെ സൈനികർ കെട്ടിടത്തിനകത്തു പ്രവേശിച്ചതിനു പിന്നാലെ ആക്രമണം നടക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകൾ നിലയിൽ സ്‌ഫോടകവസ്തു സ്ഥാപിച്ചായിരുന്നു ആക്രമണമെന്നും റിപ്പോർട്ടുണ്ട്. നാലു സൈനികരും തത്സമയം കൊല്ലപ്പെടുകയായിരുന്നു.
ഒക്‌ടോബർ 20ന് ഐ.ഡി.എഫിലെ ഉന്നത സൈനികനായ കേണൽ ഇഹ്‌സാൻ ദഖ്‌സയെ ഹമാസ് പോരാളികൾ കൊലപ്പെടുത്തിയിരുന്നു. ഇത് ഗസ്സയിൽ ഇപ്പോഴും ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾ സജീവമാണ് എന്നതിന് തെളിവാണ്. അതേസമയം, ഐ.ഡി.എഫ് തലവൻ ഹെർസി ഹലേവിയെ വധിക്കാൻ ഹമാസ് ശ്രമിച്ചുവെന്ന റിപ്പോർട്ടിനോട് ഇസ്‌റാഈൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതോടെ ഗസ്സ മുനമ്പിലും ഇസ്‌റാഈൽ അതിർത്തിയിലുമായി ഹമാസ് ആക്രമണത്തിൽ ഇതുവരെ 367 സൈനികർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇസ്‌റാഈൽ പുറത്തു വിട്ട കണക്ക് മാത്രമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."