അനസ്യൂതമായ കാല്‍നടയാത്രയിലൂടെ വര്‍ഗീസേട്ടന്‍ വ്യത്യസ്തനാകുന്നു
മാള: അനസ്യൂതമായ കാല്‍നടയാത്രയിലൂടെ വര്‍ഗ്ഗീസേട്ടന്‍ വ്യത്യസ്തനാകുന്നു. നിത്യേന നൂറുകണക്കിനു ആളുകളെത്തുന്ന മാള ടൗണില്‍ മുടക്കമില്ലാതെ ദിവസവും നടന്നെത്തുന്ന വര്‍ഗീസേട്ടന്‍ ആള്‍ക്കൂട്ടത്തിനിടയിലും വേറിട്ടൊരാളായി മാറുകയാണ്. സ്‌നേഹഗിരി തളിയത്ത് വര്‍ഗീസ് തന്റെ സന്തത സഹചാരിയായ റാണിയെന്ന നായയോടൊപ്പം കയ്യിലൊരു വടിയുമായി നിത്യേന മാളയിലെത്തുന്നു . വന്ന വഴിക്കു പകരം മറ്റൊരു വഴിയിലൂടെയാണു തിരികെ വീട്ടിലേക്കു പോകുന്നത്. അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള സ്‌നേഹഗിരിയില്‍ നിന്നും നിത്യേന കയ്യിലൊരു വടിയുമായ ഇദ്ദേഹവും നായയും നടന്നു മാളയിലെത്തും. തിരികെ പോകുന്നതു മാളപള്ളിപ്പുറം വഴിയാണ്. ഇതിലൂടെ സ്‌നേഹഗിരിയിലെ വീട്ടിലെത്താന്‍ ഏഴു കിലോമീറ്റര്‍ നടക്കണം. ഇത്തരത്തില്‍ ദിവസവും കുറഞ്ഞതു 12 കിലോമീറ്റര്‍ ദൂരമാണ് 72 വയസ്സുകാരനായ വര്‍ഗീസേട്ടന്‍ നടക്കുന്നത്.
മഴയായാലും മഞ്ഞായാലും വെയിലായാലും രണ്ടു പതിറ്റാണ്ടുകളായി വടിയും കുത്തി നായയേയും കൂട്ടി നടക്കുക തന്നെയാണിദ്ദേഹം. ഇപ്പോഴത്തെ പൊള്ളുന്ന വെയിലും അദ്ദേഹത്തിനു പ്രശ്‌നമല്ല. രാവിലെ 10നു മാളയിലെത്തുന്ന അദ്ദേഹം ടൗണിലാകെയൊന്നു ചുറ്റിയടിക്കും. ഇതിനിടയില്‍ വീട്ടിലേക്കാവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറി, മത്സ്യമാംസാദികളും മറ്റും വാങ്ങുകയും ചെയ്യും.
ആഴ്ചയിലൊരിക്കലെങ്കിലും റേഷന്‍ കടയിലും കയറി ആവശ്യമായ സാധനങ്ങള്‍ വാങ്ങും. ഇവയെല്ലാം കഴിഞ്ഞു ഉച്ചക്കു ഭക്ഷണത്തിന്റെ സമയത്തു വീട്ടിലെത്തുന്ന തരത്തില്‍ മാളയില്‍ നിന്നും തിരിക്കും. 18 വയസ്സുള്ളപ്പോള്‍ നാടു വിട്ടു ചെന്നൈയിലെത്തിയ ഇദ്ദേഹം 20 ാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാളത്തില്‍ നിന്നും 22 ാം വയസ്സില്‍ വിരമിച്ചു. 23ാം വയസ്സില്‍ ചെന്നൈ പൊലിസില്‍ ചേര്‍ന്നു. 17 വര്‍ഷത്തെ സര്‍വ്വീസിനു ശേഷം പൊലിസില്‍ നിന്നും റിട്ടയറായതിനെ തുടര്‍ന്നു നാട്ടിലെത്തി.
നാട്ടിലെത്തിയതിനു ശേഷം തുടങ്ങിയ മാളയിലേക്കുള്ള നടത്തം ഇപ്പോഴും തുടരുകയാണ്. സാറയെന്നാണു ഭാര്യയുടെ പേര്. ഇവര്‍ക്കു മക്കളില്ല. എന്നാല്‍ വര്‍ഗീസിനു 11 സഹോദരങ്ങളുണ്ട്. ചെന്നൈയില്‍ നിന്നും പോന്നപ്പോള്‍ മൂന്നു നായ്ക്കളെ കൊണ്ടുവന്നിരുന്നു. അതില്‍ രണ്ടെണ്ണം ചത്തു. മൂന്നാമത്തേതിന്റെ കുട്ടിയിലുണ്ടായ നായാണിപ്പോള്‍ സന്തത സഹചാരിയായി കൂടെയുള്ളത്. സ്‌നേഹഗിരി പള്ളിക്കു സമീപത്തുള്ള പുരയിടത്തില്‍ അത്യാവശ്യത്തിനു കൃഷിയുമുണ്ട്. കൃഷിക്കാര്യങ്ങള്‍ക്കു ശേഷമാണു മാളയിലേക്കുള്ള നടത്തം. വീട്ടിലെത്തി ഭക്ഷണത്തിനു ശേഷവും കൃഷിക്കാര്യങ്ങളിലേക്കിറങ്ങും. നടത്തത്തിന്റെ ഗുണമായിരിക്കാം ഈ പ്രായത്തിലും രോഗങ്ങളില്ലാതെ ആരോഗ്യവാനാണു വര്‍ഗീസ്. മാളക്കാര്‍ക്കു ഒരു അത്ഭുത മനുഷ്യനായി നടപ്പു തുടരുകയാണു വര്‍ഗീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."