കര്‍ദിനാള്‍ പരമാധികാരിയല്ല; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, സാമ്പത്തിക തിരിമറി എന്നിവ വ്യക്തമാണ്. ഇടപാടുകളില്‍ സാരമായ അപാകതയുണ്ട്. കേസില്‍ അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും ഉയര്‍ന്നത് ബാലിശമായ ആരോപണങ്ങളല്ലെന്നും കോടതി വിധിയില്‍ പറയുന്നു.
കോടതി പരാമര്‍ശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കരുത്. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സഭാ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലും ഇടനിലക്കാരന്റെ വാദങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും തങ്ങളുടെ വാദങ്ങള്‍ നിരത്താന്‍ അവസരം കിട്ടിയില്ലെന്ന കര്‍ദിനാളിന്റെ വാദം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയ്‌ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് കോടതിയുടെ വിധി പ്രസ്താവന.
അതിരൂപത ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്ന് പരാതി നല്‍കിയിട്ടും പൊലിസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസാണ് ഹരജി നല്‍കിയത്. ഭൂമിയിടപാടില്‍ സഭയ്ക്ക് വന്‍ നഷ്ടമുണ്ടായെന്നും കരാര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ച് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരേയാണ് ഹരജിക്കാരന്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."