മരണക്കിണര്‍ അഭ്യാസത്തിനിടെ അപകടം; സ്ത്രീ മരിച്ചു
പട്ടാമ്പി: മരണക്കിണര്‍ അഭ്യാസത്തിനിടെ നടന്ന അപകടത്തില്‍ സ്ത്രീ മരിച്ചു. മുന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. വല്ലപ്പുഴ പാറേങ്ങാട് ആനക്കോട്ടില്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ സുഹ്‌റ(34)യാണ് മരിച്ചത്.
പട്ടാമ്പി നേര്‍ച്ചയുടെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ മരണക്കിണര്‍ അഭ്യാസത്തിനിടെ ബൈക്ക് കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയാണ് അപകടം.
സംഭവത്തില്‍ പരുക്കേറ്റ ഓങ്ങല്ലൂര്‍ മുനക്കാട്ടുത്തൊടി വീട്ടില്‍ ഫഹദ്(14), സല്‍മാന്‍ ഫാരിസ്(12), നാജില(13) എന്നിവര്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹ്‌റയുടെ നെഞ്ചിലൂടെ ബൈക്ക് കയറിയിറങ്ങുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് അപകടം നടന്നത്. മരണക്കിണറില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ ഓടിച്ചിരുന്ന ആള്‍ താഴേക്ക് വീഴുകയും ബൈക്ക് നിയന്ത്രണം വിട്ട് ട്രാക്കിലൂടെ കറങ്ങി മുകളിലെ കാണികള്‍ക്കിടയിലേക്ക് കയറുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സുഹ്‌റയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മുഹമ്മദ് സുഹൈല്‍, ഷഹല തസ്‌നി, ഷുഹൈബ് എന്നിവരാണ് സുഹ്‌റയുടെ മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."