കപ്പലുകള്‍ക്ക് വഴിയൊരുക്കാന്‍ ബേപ്പൂര്‍ തുറമുഖം ആഴംകൂട്ടുന്നു
ചാലിയം: ബേപ്പൂര്‍ തുറമുഖത്തേക്ക് വലിയ കപ്പലുകള്‍ക്ക് വഴിയൊരുക്കാന്‍ ആഴംകൂട്ടുന്നു. ഇതിനായി തുറമുഖ വാര്‍ഫിലെ മണ്ണുമാന്തല്‍ തിങ്കളാഴ്ച തുടങ്ങും. കാലവര്‍ഷസമയത്ത് അടിഞ്ഞുകൂടിയ 12,000 ക്യുബിക് മീറ്റര്‍ മണ്ണ് മാറ്റുന്നതോടെ വാര്‍ഫിലെ ആഴം നാലുമീറ്ററാവും. കേരള മാരി ടൈം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി. 40 ലക്ഷം രൂപയുടെ ടെന്‍ഡര്‍ ഉറപ്പിച്ചിട്ടണ്ടെന്ന് വി.കെ.സി മമ്മദ് കോയ എം.എല്‍.എ പത്രകുറിപ്പില്‍ അറിയിച്ചു. ഡ്രഡ്ജറും ബാര്‍ജും ചൊവ്വാഴ്ച തുറമുഖത്തെത്തിയെന്നും മാറ്റുന്ന മണ്ണ് ആഴക്കടലിലാണ് കളയുക. നേരത്തേ അഴിമുഖ ചാനല്‍ ഉള്‍പ്പെടെയുള്ള ഭാഗത്ത് ഡ്രഡ്ജിങ് നടത്തിയതിനാല്‍ കപ്പലുകള്‍ക്ക് പ്രവേശനം പ്രശ്‌നമാകില്ല എന്നാണ് പ്രതീക്ഷ. പുതിയ സീസണ്‍ തുടങ്ങിയതോടെ ബേപ്പൂര്‍ തുറമുഖത്തേക്ക് കണ്ടെയ്‌നര്‍ കപ്പലുകള്‍ ചരക്കുമായി എത്തിത്തുടങ്ങിയിരുന്നുവെങ്കിലുംതുറമുഖത്ത് അനായാസം പ്രവേശിക്കുന്നതിന് ഒട്ടേറെ തടസങ്ങള്‍ നേരിട്ടിരുന്നു.
കൂടുതല്‍ കണ്ടെയ്‌നറുകള്‍ എത്തിയാല്‍ ചരക്ക് സൂക്ഷിക്കാന്‍ ബേപ്പൂര്‍ കോവിലകത്തെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ചരക്കുവരവ് കൂടുകയാണെങ്കില്‍ തുറമുഖത്തിന്റെ അധീനതയിലുള്ള കപ്പല്‍ പൊളിശാലയുടെ സ്ഥലവും ഉപയോഗപ്പെടുത്തും.
സുരക്ഷിത ബര്‍ത്തിങ് സൗകര്യമുള്ള വളയം പോലെ കിടക്കുന്ന ജലാശലയത്തിലാണ് തുറമുഖസ്ഥാനം. ഇവിടെ ആറ് മീറ്റര്‍ ആഴമുണ്ടെങ്കിലെ വന്‍ കപ്പലുകള്‍ക്ക് വാര്‍ഫിലടുക്കാന്‍ കഴിയുകയുള്ളൂ. ബേപ്പൂര്‍ നദീമുഖത്തെ ചെങ്കല്‍പ്പാറകളും മണ്ണും നേരത്തേ റോട്ടറി ഡയമണ്ട് കട്ടറും എസ്‌കവേറ്ററും ഉപയോഗിച്ച് നീക്കംചെയ്തിരുന്നു. പക്ഷേ, പഴയവാര്‍ഫിന് അഭിമുഖമായുള്ള നദീമുഖത്ത് ഇനിയും ചെങ്കല്‍പ്പാറകള്‍ പൊട്ടിച്ചെടുക്കാനുണ്ട്. രണ്ടാംഘട്ട വികസന പ്രവര്‍ത്തനത്തില്‍ ഈപ്രവൃത്തിയും ആരംഭിക്കാനാണ് തുറമുഖ വകുപ്പിന്റെ നീക്കം. ഈ പ്രവൃത്തികൂടി പൂര്‍ത്തിയാകുന്നതോടെ മാത്രമേ ഒരേസമയം കൂടുതല്‍ കപ്പലുകള്‍ക്ക് തുറമുഖ വാര്‍ഫില്‍ അടുക്കാന്‍ കഴിയുകയുള്ളൂ. പഴയ ക്രെയിനുകള്‍ പാടേ മാറ്റി പുതിയ ക്രെയിനുകള്‍ സ്ഥാപിക്കേണ്ടതുണ്ട്.
ബേപ്പൂര്‍ തുറമുഖത്ത് പതിവായി നടന്നുവരുന്ന ചരക്കുനീക്കം ലക്ഷദ്വീപുമായി ബന്ധപ്പെട്ടതാണ്. ദ്വീപിലെ നിത്യജീവിതം ഒട്ടുമുക്കാലും ബേപ്പൂര്‍, മംഗലാപുരം തുറമുഖങ്ങളെ ആശ്രയിച്ചാണ് കിടക്കുന്നത്. ഇവിടെനിന്നാണ് ദ്വീപിലേക്കുള്ള നിത്യോപയോഗസാധനങ്ങളും പാചകവാതകവും മണ്ണെണ്ണയും ഡീസലും വിമാന ഇന്ധനവും കപ്പലില്‍ കൊണ്ടുപോകുന്നത്. പാചകവാതകം കൊണ്ടുപോകാനായാണ് 'ഇലികല്‌പേനി' എന്ന പ്രത്യേക കപ്പല്‍ ബേപ്പൂര്‍-ലക്ഷദ്വീപ് സര്‍വീസ് നടത്തുന്നത്. സാഗര്‍ സാമ്രാജ, തിനക്കര, എം.വി. ലക്കഡീവ്‌സ്, എം.വി. ചെറിയം, സാഗര്‍യുവരാജ് എന്നീ ചരക്കുകപ്പലുകളാണ് പതിവായി സര്‍വിസ് നടത്തുന്നത്.ലക്ഷദ്വീപ്, ബേപ്പൂര്‍ യാത്രചരക്കു ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിന് മാത്രമായി ബേപ്പൂരില്‍ ഒരു പാസഞ്ചര്‍ കം കാര്‍ഗോ ടെര്‍മിനല്‍ 70 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ കേന്ദ്രം അനുമതി നല്‍കുകയും ഇതിനാവശ്യമായ സ്ഥലം കേരളസര്‍ക്കാര്‍ വിട്ടുകൊടുത്തതുമാണ്. പക്ഷേ, പദ്ധതി ഇപ്പോഴും കടലാസിലാണ്.
പുറമേനിന്ന് എത്തുന്ന കപ്പലുകളെ നിരീക്ഷിക്കാന്‍ പര്യാപ്തമായ യന്ത്രസംവിധാനവും തുറമുഖത്ത് സ്ഥാപിച്ചിട്ടുണ്ട്. നിരീക്ഷണക്യാമറകളും കണ്‍ട്രോള്‍റൂമും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇടക്കാലത്ത് അവയുടെ പ്രവര്‍ത്തനം നിലച്ചിരിക്കയാണ്.
തുറമുഖത്തേക്ക് വിദേശത്തുനിന്ന് മണല്‍ ഉള്‍പ്പെടെയുള്ള കെട്ടിടനിര്‍മാണ വസ്തുക്കള്‍ എത്തിക്കാന്‍ കപ്പല്‍ കമ്പനിക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രായോഗികത പരിശാധിച്ചുവരികയാണ് തുറമുഖവകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."