കുടിവെള്ളത്തിന് നാട് നെട്ടോട്ടമോടുന്നു; പൊട്ടിയ പൈപ്പ് നന്നാക്കാതെ വാട്ടര്‍ അതോറിറ്റി
മാനന്തവാടി: വരള്‍ച്ച രൂക്ഷമായി നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും അധികൃതരുടെ അനാസ്ഥകാരണം കുടിവെള്ളം പാഴാകുന്നു. മാനന്തവാടി നഗരസഭയിലെ അമ്പുകുത്തി റോഡിലാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ദിവസങ്ങളായി റോഡിലൂടെ വെള്ളം ഒഴുകുന്നത്. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിയാണ് വെള്ളം പാഴാകുന്നത്.
ചൂട്ടക്കടവ് പമ്പ് ഹൗസില്‍ നിന്നും വെള്ളം പമ്പ് ചെയ്യുമ്പോള്‍ പൊട്ടിയ പൈപ്പിലൂടെ ലിറ്റര്‍ കണക്കിന് വെള്ളമാണ് നഷ്ടപ്പെടുന്നത്. റോഡരികിലെ ഓവു ചാലുകളില്‍ ഇത്തരത്തില്‍ വെള്ളം കെട്ടികിടക്കുകയാണ്. വെള്ളം റോഡിലൂടെ ഒഴുകുന്നത് കാരണം തന്നെ അടുത്തിടെ ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡും തകരാനിടയുണ്ട്. വെള്ളം പാഴാകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതെ സമയം ജെ.സി.ബി ഉപയോഗിച്ച് ഓവ് ചാലുകള്‍ നിര്‍മിച്ചപ്പോഴാണ് പൈപ്പുകള്‍ പൊട്ടിയതെന്നും പൈപ്പുകള്‍ നന്നാക്കേണ്ട ചുമതല അവര്‍ക്ക് തന്നെയുമാണെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്.
റോഡിലൂടെ ഒഴുകുന്ന വെള്ളം വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും ദുരിതമായി മാറിയിരിക്കുകയാണ്. റോഡരികിലെ ഓവ്ചാല്‍ നിര്‍മാണം അശാസ്ത്രിയമായ രീതിയിലാണെന്നും വ്യാപക ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."