മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ മന്ത്രി കെ.ടി ജലീല്‍ പ്രഖ്യാപനം നടത്തും
മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഐ.എസ്.ഒ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കുടുംബാരോഗ്യകേന്ദ്രമാണ് മൊഗ്രാല്‍ പുത്തൂര്‍. 10നു രാവിലെ ഒന്പതിനു മന്ത്രി കെ.ടി ജലീല്‍ ഐ.എസ്.ഒ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണവും നടത്തും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.
സമ്പൂര്‍ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കുകയും പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആതുര ശുശ്രൂഷയും പൊതുജനാരോഗ്യ സേവനങ്ങളും നല്കി ഒരു ജനസൗഹൃദ കേന്ദ്രമാക്കി മാറ്റിയതിനാണ് ആരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭ്യമായത്.
ആരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ മൂന്നു ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുണ്ട്. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഒ.പി പ്രവര്‍ത്തിക്കുന്നു. രോഗികള്‍ക്ക് ഇരിക്കാനുളള വിശാലമായ സൗകര്യം, ടി.വി, ടോക്കണ്‍ സിസ്റ്റം, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ് , പ്രത്യേക ശുചിമുറി, ശിശു സൗഹൃദ ഇമ്മ്യൂണൈസേഷന്‍ ഹാള്‍, ലാബ്, ശീതീകരിച്ച ഫാര്‍മസി, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യം, കുടിവെള്ളം, പത്രങ്ങള്‍, പൂന്തോട്ടം, ഐ.ഇ.സി കോര്‍ണര്‍, പൗരാവകാശ ബോര്‍ഡുകള്‍, പാര്‍ക്കിങ് സൗകര്യം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ രംഗത്ത് ഇ-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി ആരോഗ്യ വിവരങ്ങള്‍ മുഴുവന്‍ വിരല്‍ തുമ്പില്‍ ലഭിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു കഴിഞ്ഞു. ആറു മാസം മുമ്പാണ് ഐ.എസ്.ഒ അധികൃതര്‍ ആശുപത്രി സന്ദര്‍ശിച്ച് സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം ഉയര്‍ത്താന്‍ നിര്‍ദേശിച്ചത്. മൂന്നു പ്രവാശ്യം ഓഡിറ്റിങ് നടത്തി സൂക്ഷ്മമായ നിരീക്ഷണത്തിനു ശേഷമാണ് ഐ.എസ്.ഒ ആസ്ഥാനത്തുനിന്നു കുടുംബാരോഗ്യ കേന്ദ്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."