'പൊലിസ് അന്വേഷണം തൃപ്തികരമല്ല' ജസീമിന്റെ മരണം: ആക്ഷന്‍ കമ്മിറ്റി പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
ഉദുമ: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മാങ്ങാട് ചോയിച്ചിങ്കല്ലിലെ മുഹമ്മദ് ജസീമിന്റെ മരണം അപകട മരണമല്ലെന്നും പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിനു പുതിയ പൊലിസ് ടീമിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു ജനകീയ ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ബേക്കല്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
നാലു ദിവസം മുന്‍പ് കാണാതായ ജസീമിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പുലര്‍ച്ചെ കളനാട് റെയില്‍വേ ട്രാക്കിനു സമീപമാണ് കണ്ടെത്തിയത്. ജസീമിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും അപകട മരണമാണെന്നുമാണ് പൊലിസ് ഭാഷ്യം. എന്നാല്‍ ജസീം അപകടത്തില്‍ മരിച്ചതാണെങ്കില്‍ കൂട്ടുകാര്‍ എന്തിന് അത് ഇത്ര ദിവസം മറച്ചു വച്ചുവെന്നാണ് ആക്ഷന്‍ കമ്മിറ്റി ചോദിക്കുന്നത്.
മാര്‍ച്ചിന് കല്ലട്ര മാഹിന്‍ ഹാജി, ടി.ഡി കബീര്‍ തെക്കില്‍, അന്‍വര്‍ മാങ്ങാട്, റൗഫ് ബാവിക്കര, ജസീമിന്റെ പിതാവ് ജാഫര്‍, ഖാദര്‍ ചട്ടഞ്ചാല്‍, മുഹമ്മദ് ഷാ, സൈഫുദ്ദീന്‍ മാക്കോട്, കബീര്‍ മാങ്ങാട്, മൊയ്തു കല്ലട്ര ശിഹാബ് കടവത്ത്, മുനീര്‍ കടവത്ത്, റിയാസ് കിഴൂര്‍, ഇല്യാസ് കിഴൂര്‍, ഉസ്മാന്‍, അഷ്‌കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് സ്റ്റേഷനു മുന്‍വശം പൊലിസ് തടഞ്ഞു.
അതേ സമയം ജസീമിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ട്രെയിന്‍ തട്ടി മരിക്കാനുള്ള സാധ്യതയില്ലെന്നും ജസീമിന്റെ ബന്ധുക്കള്‍ പറയുന്നു. ജസീമിനെ ലഹരി മാഫിയാ സംഘം കൊലപ്പെടുത്തിയതാണെന്ന ശക്തമായ വാദമാണ് ബന്ധുക്കളും വിവിധ രാഷ്ട്രീയ സാമൂഹ്യ കക്ഷികളും പറയുന്നത്. നിലവിലുള്ള പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഇവര്‍ പറഞ്ഞു.
അതിനിടെ ജസീമിന്റെ മരണം കൊലപാതകമാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് ജില്ലാ പൊലിസ് മേധാവി പറയുന്നത്. ട്രെയിന്‍ തട്ടിയാണ് ജസീം മരിച്ചതെന്നതാണു പൊലിസിനു ലഭിച്ചിരിക്കുന്ന വിവരം. പോസ്റ്റ് മോര്‍ട്ടം നടത്തിയ പൊലിസ് സര്‍ജ്ജന്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി ട്രെയിന്‍ ഇടിച്ചു മരിച്ചതാകാന്‍ സാധ്യത ഉണ്ടെന്നു പറഞ്ഞതായും പൊലിസ് മേധാവി പറഞ്ഞു.
വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേസ് സംബന്ധമായി അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്കെതിരേ കഞ്ചാവ് ഉപയോഗിച്ചതിനും ഇത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നല്‍കിയതിനും കേസെടുത്തിട്ടുണ്ടെന്നും പൊലിസ് മേധാവി പറഞ്ഞു.
ജസീമിന്റെ മരണം കൊലപാതകമാണെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഹാരിസ് തൊട്ടി, റൗഫ് ബാവിക്കര, നാഷണല്‍ ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം പടിഞ്ഞാര്‍, കെ.കെ ബഷീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."