മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട്: മോട്ടോര്‍ വാഹന ഭേദഗതി നിയമം രാജ്യസഭയില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ബില്‍ നിയമമാകുന്നതോടെ മോട്ടോര്‍ വ്യവസായ മേഖല കുത്തകവല്‍ക്കരിക്കപ്പെടും. ഇതോടെ മോട്ടോര്‍ മേഖലയെ ആശ്രയിച്ചുകഴിയുന്ന ലക്ഷക്കണക്കിനു തൊഴിലാളികളും തൊഴിലുടമകളും വഴിയാധാരമാകുമെന്നും മാര്‍ച്ച് മുന്നറിയിപ്പ് നല്‍കി.
മോട്ടോര്‍ മേഖലയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ കുത്തകകള്‍ക്ക് കൈമാറുന്നതോടെ യാത്രാനിരക്കും ചരക്ക് കടത്തുകൂലിയും പതിന്മടങ്ങായി വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥകളും മോട്ടോര്‍ ഭേദഗതി ബില്ലിലുണ്ടെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി ദേവ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി. അപ്പുക്കുട്ടന്‍ അധ്യക്ഷനായി. എ. അബ്ദുല്‍ റഹിമാന്‍ മേസ്ത്രി, പോളിച്ചന്‍, കുഞ്ഞിരാമന്‍, രാജന്‍കുഴിഞ്ഞടി, കെ.എന്‍ ശശി, കരീം കുശാല്‍നഗര്‍, രാഘവന്‍ പള്ളത്തിങ്കാല്‍, പി.വി ബാലകൃഷ്ണന്‍, ജാഫര്‍ മൂവാരിക്കുണ്ട്, സുധീര്‍ മേനോന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."