ശുഹൈബ് വധക്കേസ് നാള്‍വഴികള്‍
ഫെബ്രുവരി 12
മട്ടന്നൂര്‍ തെരുവിലെ ചായക്കടയില്‍ രാത്രി 10.50ന് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ എസ്.പി ശുഹൈബിനെ ഒരു സംഘം വെട്ടികൊലപ്പെടുത്തുന്നു. കൂടെയുള്ള രണ്ടു പേര്‍ക്ക് പരുക്ക്. നാലംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്‌സാക്ഷി മൊഴി.
ഫെബ്രുവരി 13
എടയന്നൂരിലെ സ്‌കൂളിലുണ്ടായ തര്‍ക്കമാണ് കൊലക്ക് പിന്നിലെന്ന് പൊലിസ്. അന്വേഷണ ചുമതല മട്ടന്നൂര്‍ സി.ഐ എ.വി ജോണ്‍ ഏറ്റെടുത്തു. അക്രമത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നും ആരെങ്കിലും ഉള്‍പ്പെട്ടാല്‍ നടപടിയെന്നും ജില്ലാ സെക്രട്ടറി പി ജയരാജന്‍.
ഫെബ്രുവരി 14
ശുഹൈബിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി സി.പി.എം പ്രവര്‍ത്തകര്‍ നടത്തുന്ന പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്്; ശുഹൈബിനെ ജയിലില്‍ വച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും വെളിപ്പെടുത്തല്‍.പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റെ സതീശന്‍ പാച്ചേനിയുടെ 24 മണിക്കൂര്‍ ഉപവാസം തുടങ്ങി. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനു പ്രത്യേക സംഘം. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, മട്ടന്നൂര്‍ സി.ഐ എ.വി ജോണ്‍ എന്നിവര്‍ക്ക് അന്വേഷണ ചുമതല.
ഫെബ്രുവരി 15
പൊലിസിന് സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു; ഡ്രൈവര്‍ ഉള്‍പ്പെടെ കൊലയാളി സംഘത്തില്‍ അഞ്ചു പേര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു.
യൂത്തു കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റെ ജോഷി കണ്ടത്തിലിന്റെ 24 മണിക്കൂര്‍ സത്യഗ്രഹം തുടങ്ങി.
ഫെബ്രുവരി 17
കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ശുഹൈബിന്റെ പിതാവ് മുഹമ്മദ്. പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ 19 മുതല്‍ 48 മണിക്കൂര്‍ സത്യഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചു.
ഫെബ്രുവരി 18
കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവര്‍ പൊലിസിന് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതികള്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്. സി.പി.എമ്മിന് പങ്കില്ലെന്ന വാദം തള്ളി പൊലിസ്. കൊന്നത് സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ വെളിപ്പെടുത്തല്‍. വേണമെങ്കില്‍ യു.എ.പി.എ പിന്നീടെന്നും ഡി.ജി.പി.റെയ്ഡ് വിവരം ചോരുന്നതായും എസ്.പിയുടെ പരാതി.
ഫെബ്രുവരി 19
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്റെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം കണ്ണൂരില്‍ തുടങ്ങി, തിരുവനന്തപുരത്ത് യൂത്തു കോണ്‍ഗ്രസ് സമരവും
പ്രതികള്‍ സഞ്ചരിച്ച വെള്ള വാഗണ്‍ആര്‍ കാര്‍ തിരിച്ചറിഞ്ഞു; വെട്ടിയത് കൊല്ലാന്‍ തന്നെയാണെന്നും പ്രതികള്‍ സി.പി.എമ്മുകാരെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്
ഫെബ്രുവരി 21
കണ്ണൂരില്‍ സമാധാനയോഗം: യു.ഡി.എഫ് ബഹിഷ്‌കരിച്ചു.സി.ബി.ഐ അന്വേഷണം ഉള്‍പ്പെടെ ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയാറെന്ന് മന്ത്രി എ.കെ ബാലന്റെ ഉറപ്പ്.
പൊലിസിലല്ല പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന് പി ജയരാജന്‍.
ഡെമ്മി പ്രതികളെ നല്‍കുമെന്നും കേസില്‍ നിന്നും രക്ഷിക്കുമെന്നും പാര്‍ട്ടി ഉറപ്പു നല്‍കിയതായി അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി പുറത്ത്്.
ഫെബ്രുവരി 22
കേസില്‍ സി.ബി.ഐ അന്വേഷണം വേണമന്നാവശ്യപ്പെട്് ശുഹൈബിന്റെ മാതാപിതാക്കള്‍ സര്‍ക്കാരിന് കത്ത് നല്‍കി.
ഫെബ്രുവരി 23
മൂന്നു ദൃക്‌സാക്ഷികളും അറസ്റ്റിലായ ആകാശ്, റിജിന്‍ എന്നിവരെ തിരിച്ചറിയുന്നു.
ഫെബ്രുവരി 24
മൂന്നു പേര്‍ കൂടി അറസ്റ്റില്‍: സി.പി.എം പ്രവര്‍ത്തകായ അസ്‌കര്‍, അന്‍വര്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിയായവരില്‍ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടവരുമെന്ന് പൊലിസ്.
ഫെബ്രുവരി 25
ഒരാള്‍ കൂടി അറസ്റ്റില്‍. ജിത്തുവെന്ന ജിതിനാണ് അറസ്റ്റിലായത്.
ഫെബ്രുവരി 26
സി.ബി.ഐ അന്വേഷണത്തിന് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍; ഗൂഡാലോചനയും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.
ഫെബ്രുവരി 27
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പിതാവിന്റെ ഹരജി പരിഗണിക്കവെ പൊലിസിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഒരു മനുഷ്യനെ ചെയ്തതു കണ്ടില്ലേയെന്നും കോടതി. എന്തുകൊണ്ട് ആയുധം കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി പൊലിസിനോട്.
രണ്ടാം ദിവസവും നിയമസഭാ സ്തംഭനം; കെ സുധാകരന്‍ നടത്തി വന്ന അനിശ്ചിതകാല സത്യഗ്രഹം ഒന്‍പതാം ദിവസം അവസാനിപ്പിച്ചു
ഫെബ്രുവരി 28
ശുഹൈബിനെ വെട്ടാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്നു മൂന്ന വാളുകള്‍ വെള്ളപ്പറമ്പില്‍ നിന്നും പിടിച്ചെടുത്തു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ കുടുംബം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി
മാര്‍ച്ച് 1
രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍; പാലയോട് സ്വദേശികളായ കെ രജത്, കെ സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്.
മാര്‍ച്ച് 2
ഒരാള്‍ കൂടി അറസ്റ്റില്‍; സി.പി.എം പ്രവര്‍ത്തകനായ കുമ്മാനത്തെ സംഗീതാണ് അറസ്റ്റിലായത്.
ഫെബ്രുവരി 5
രണ്ടു പേര്‍ കൂടി അറസ്റ്റില്‍; സി.പി.എം പ്രവര്‍ത്തകരായ ദീപ് ചന്ദ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊലയില്‍ നേരിട്ട് പങ്കെടുത്ത അഞ്ചു പേരും അറസ്റ്റിലായി എന്ന് പൊലിസ്. വെള്ളപ്പറമ്പില്‍ നിന്നും ഒരു മഴുവും മൂന്നു വാളുകളും കൂടി കണ്ടെടുത്തു.
മാര്‍ച്ച് 7
അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."