പൊന്നുവിളയിക്കാന്‍ മണ്ണും മനസുമുണ്ട്, മാവിലായിയില്‍ മഹിജയാണ് താരം
കണ്ണൂര്‍: വിഷം നിറഞ്ഞ ഭക്ഷ്യോല്‍പന്നങ്ങള്‍ ഭക്ഷിച്ച് മലയാളി നിത്യരോഗികളാകുമ്പോള്‍ മാവിലായിയിലെ മഹിജ അധ്വാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ പാടത്താണ്. വിഷരഹിത കൃഷിയില്‍ പുത്തന്‍ അധ്യായം രചിച്ചിരിക്കുകയാണ് മഹിജയും ഭര്‍ത്താവ് സി.കെ പ്രഭാകരനും. വീടിന് സമീപത്തെ കൃഷിയിടത്തില്‍ വാഴയും നെല്ലുമാണ് ഇവര്‍ കൃഷിചെയ്യുന്നത്. സഹായത്തിനായി നന്മ കുടുംബശ്രീയിലെ നാലു സ്ത്രീകളും ഇവര്‍ക്കൊപ്പമുണ്ട്. പവിഴം, ഉമ, ആതിര തുടങ്ങിയ നെല്ലിനങ്ങള്‍ക്ക് പുറമെ നേന്ത്രന്‍, പൂവന്‍, അടുക്കന്‍ തുടങ്ങിയ വിവിധയിനം വാഴയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പുലര്‍ച്ചെ അഞ്ചിന് എഴുന്നേറ്റാല്‍ രാത്രി പത്തുവരെ കൃഷിയും മൃഗപരിപാലനവുമാണ് മഹിജയുടെ ദിനചര്യ.
തന്റെ കൃഷിയിടത്തിലെ ഉല്‍പാദനത്തില്‍ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള നെല്ല് പെരളശ്ശേരി കൃഷിഭവന്‍ കീഴിലുള്ള സപ്ലൈകോയില്‍ വില്‍പനയും നടത്തുന്നുണ്ട്. കാര്‍ഷിക മേഖലയിലെ സമഗ്രമായ ഇടപെടലിന് 2016ല്‍ കര്‍ഷകശ്രീ അവാര്‍ഡ്, വിശ്വഭാരതി സ്‌കൂള്‍ ഏര്‍പ്പെടുത്തിയ മികച്ച കര്‍ഷശ്രീ അവാര്‍ഡ് എന്നിവയും മഹിജയെ തേടിയെത്തിയിട്ടുണ്ട്.
കൃഷിക്ക് പുറമേ മൃഗപരിപാലനത്തിലും ശ്രദ്ധയൂന്നിയാണ് മഹിജയുടെ ജീവിതം. കൂടാതെ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ തന്റെ കൃഷിയിടത്തില്‍ ഉല്‍പാദിപ്പിക്കുന്ന വിളവിന്റെ വിത്ത് കുടുംബശ്രീ വനിതകള്‍ക്കും നാട്ടുകാര്‍ക്കും സൗജന്യമായി നല്‍കുകയും ചെയ്യുന്നു.
വിഷരഹിത പച്ചക്കറിക്ക് സ്വന്തം കൃഷിയിടത്തില്‍ ആവശ്യമായ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുകയാണ് വഴിയെന്നും ഇത്തരം കൃഷിരീതി യോഗക്ക് തുല്യമാണെന്നും മഹിജ സുപ്രഭാതത്തോട് പറഞ്ഞു.മക്കള്‍: ഷോണിമ, സൗകന്ത് (കണ്ണൂര്‍ സ്വകാര്യ ബാങ്ക് ജീവനക്കാരന്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."