ബാല്‍കൃഷ്ണ ദോഷിക്ക് പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം
വാഷിങ്ടണ്‍: വാസ്തുശില്‍പകലാ രംഗത്തെ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം ഇതാദ്യമായി ഇന്ത്യക്കാരന്. പ്രശസ്ത ഇന്ത്യന്‍ വാസ്തുശില്‍പി ബി.വി ദോഷി എന്ന് അറിയപ്പെടുന്ന ബാലകൃഷ്ണ വിതാല്‍ദാസ് ദോഷിയാണ് പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്.
ലാളിത്യമാര്‍ന്ന കെട്ടിടനിര്‍മാണത്തിനു പേരുകേട്ട ദോഷി ഇന്ത്യന്‍ വാസ്തുവിദ്യയ്ക്കു നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഫ്രാന്‍സില്‍ ലോകപ്രശസ്ത വാസ്തുശില്‍പിയും എഴുത്തുകാരനുമായിരുന്ന ലെ കൂര്‍ബസിക്കു കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. ശേഷം കൂര്‍ബസിയുടെ ഇന്ത്യയിലെ നിര്‍മാണ പദ്ധതികള്‍ക്കു മേല്‍നോട്ടം വഹിക്കാനായി അഹമ്മദാബാദില്‍ തിരിച്ചെത്തി. ബംഗളൂരു ഐ.ഐ.എം, അഹമ്മദാബാദ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, അഹമ്മദാബാദിലെ ടാഗോര്‍ സ്മാരകഹാള്‍, ഇന്ദോറിലെ ആരണ്യ ലോകോസ്റ്റ് ഹൗസിങ് തുടങ്ങി ബംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഒട്ടെറെ കെട്ടിടങ്ങള്‍ക്കു രൂപകല്‍പന ചെയ്തിട്ടുണ്ട്. 1927 ഓഗസ്റ്റ് 26ന് മഹാരാഷ്ട്രയിലെ പൂനെയിലാണു ജനനം. മുംബൈയിലെ ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ വാസ്തുവിദ്യയില്‍ പഠനം നടത്തി. ഒരു ലക്ഷം ഡോളറും(ഏകദേശം 65 ലക്ഷം രൂപ) ഓട്ടു മെഡലും അടങ്ങുന്നതാണു പുരസ്‌കാരം. 16ന് കാനഡയിലെ ടൊറന്റോയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."