2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറും: സോണിയ
മുംബൈ: പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി യു.പി.എ ചെയര്‍പേഴ്‌സണും മുന്‍കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധി.
വാജ്‌പെയ് സര്‍ക്കാരിന്റെ കാലത്ത് പ്രചരിപ്പിച്ചിരുന്ന ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണം പോലെയാണ് ഇപ്പോള്‍ മോദിയുടെ അച്ചാ ദിന്‍ പ്രചാരണമെന്നും സോണിയ ആരോപിച്ചു. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും അവര്‍ പറഞ്ഞു. മുംബൈയില്‍ ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.
ബി.ജെ.പി ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിലുള്ള വാഗ്ദാനങ്ങളാണ് നടത്തുന്നത്.
എന്നാല്‍ ഇതില്‍ ഏതെല്ലാം അവര്‍ നടപ്പാക്കിയെന്ന് മോദി വ്യക്തമാക്കണം. ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രം വില്‍പന നടത്തുകയല്ലാതെ ഒന്നും യാഥാര്‍ഥ്യമാക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് കഴിഞ്ഞില്ല. തൊഴില്‍ നല്‍കുമെന്നും വിദേശങ്ങളില്‍ നിക്ഷേപിച്ച കള്ളപ്പണം ജനങ്ങളുടെ അക്കൗണ്ടുകളില്‍ എത്തിക്കുമെന്ന് പറഞ്ഞിരുന്നു.
ഇതെല്ലാം പാഴ്്‌വാക്കാണെന്ന് ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. മോദിയുടെ അച്ചാ ദിന്‍ പ്രഖ്യാപനം യഥാര്‍ഥത്തില്‍ അനുകൂലമാകുക കോണ്‍ഗ്രസിനാണെന്നും അവര്‍ പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പ് കാലത്ത് ഒട്ടേറെ വാഗ്ദാനങ്ങളാണ് മോദി ജനങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഇന്ത്യ തിളങ്ങുന്നുവെന്നായിരുന്നു 2004ല്‍ വാജ്‌പെയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി പ്രചരിപ്പിച്ചിരുന്നത്.
ഇതേ രീതിയിലുള്ള പ്രചാരണമാണ് മോദിയും ഇപ്പോള്‍ നടത്തുന്നത്. കോണ്‍ഗ്രസും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും മോദിക്ക് ഒരവസരം കൂടി നല്‍കില്ലെന്നത് തീര്‍ച്ചയാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സോണിയ പറഞ്ഞു.
ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് 22 സംസ്ഥാനങ്ങളാണ് ഭരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ക്ഷീണമാണ് ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണത്തിലേറാന്‍ സഹായകമായത്. 2014 തെരഞ്ഞെടുപ്പിനു ശേഷം തിരിച്ചറിഞ്ഞ പാഠത്തിനെ ഉള്‍കൊണ്ട് പുതിയൊരു നയരൂപീകരണത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുമായി പുതിയ രീതിയില്‍ സംവദിക്കുകയെന്നതാണ് പാര്‍ട്ടി നയം.
നേരത്തെ യു.പി.എ സ്വീകരിച്ച രീതിയിലാണ് ഇപ്പോള്‍ എന്‍.ഡി.എയുടെ പ്രവര്‍ത്തനം. അഴിമതിയുണ്ടെന്ന് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ കോളിളക്കമുണ്ടാക്കിയാണ് ബി.ജെ.പി അധികാരത്തിലേറിയതെന്നും സോണിയാ ഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."