ദലിത് കോളനിയില്‍ വീട് നിര്‍മാണ സാമഗ്രികള്‍ക്ക് നോക്ക് കൂലി
കാക്കനാട്: ദലിത് കോളനിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെടുത്തി നിര്‍മിക്കുന്ന വീടുകളിലേക്ക് കൊണ്ട് വന്ന നിര്‍മാണ സാമഗ്രികള്‍ ഇറക്കുന്നതിന് നോക്ക് കൂലി വാങ്ങിയ ചുമട്ട് തൊഴിലാളികളുടെ ഹെഡ്‌ലോഡ് കാര്‍ഡ് (26എ കാര്‍ഡ്) റീജിയണല്‍ ലേബര്‍ കമ്മിഷണര്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു.
എടയ്ക്കാട്ടുവയല്‍ പട്ടിക വര്‍ഗ കോളനിയിലെ വീടുകളുടെ നിര്‍മാണത്തിന് ടിപ്പറില്‍ കൊണ്ട് വന്ന ഇഷ്ടിക ഇറക്കുന്നതിന് നോക്ക് കൂലി വാങ്ങിയ ലോഡിങ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) തൊഴിലാളികളാണ് ജില്ല ലേബര്‍ ഓഫിസറുടെ പരിശോധനയില്‍ കുടുങ്ങിയത്.
പൂള്‍ നമ്പര്‍ 27ല്‍ പ്പെട്ട 13 തൊഴിലാളികളുടെ ഹെഡ്‌ലോഡ് കാര്‍ഡാണു റദ്ദാക്കാനാണ് ആവശ്യപെട്ടത്. ആകെ 22 തൊഴിലാളികളുള്ള പൂളില്‍ ജോലിക്ക് ഹാജരായ തൊഴിലാകളാണ് 900 രൂപ നോക്ക് വാങ്ങിയതിന് നടപടിക്ക് വിധേയമായത്.
കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ലേബര്‍ കമ്മിഷണര്‍ കെ.ശ്രീലാല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ദലിത് കോളനിയിലേക്ക് ലോഡുമായി രണ്ടാമത്തെ പ്രാവശ്യം എത്തിയ ടിപ്പര്‍ തടഞ്ഞ് കൂലി വാങ്ങിയെന്നാണ് പരാതി. ജില്ല ലേബര്‍ ഓഫിസര്‍ മുഹമ്മദ് സിയാദ് സ്ഥലം സന്ദര്‍ശിച്ച് നടത്തിയ തെളിവെടുപ്പില്‍ തൊഴിലാളികള്‍ നോക്ക് കൂലി വാങ്ങിയതായി കണ്ടെത്തി.
സംസ്ഥാനത്ത് ആദ്യമാണ് നോക്ക് കൂലി വാങ്ങിയതിന് തൊഴിലാളികള്‍ക്കെതിരെ തൊഴില്‍ വകുപ്പ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. നോക്ക് കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി കൂടുതലായി വാങ്ങിയ തുക തിരിച്ച് നല്‍കി പ്രശ്‌നം പരിഹരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. അടുത്തയിടെ സ്മാര്‍ട്ട് സിറ്റിയിലെ നോക്കുകൂലി തര്‍ക്കം യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി പരിഹരിച്ചിരുന്നു. ഭീമന്‍ ട്രെയിലറുകളില്‍ കൊണ്ട് വന്ന 42 ടണ്‍ സ്്റ്റീല്‍ ഗര്‍ഡറുകളും ഭീമുകളും ഇറക്കുന്നതിന് കൂടുതല്‍ കൂലി ചോദിച്ചതായിരുന്നു തര്‍ക്കത്തിന് കാരണം.
യന്ത്രവത്കൃത കയറ്റി ഇറക്കുകള്‍ക്ക് നോക്ക് കൂലി നിരോധിച്ച ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിര്‍മാണ കമ്പനി അധികൃതര്‍ നോക്ക് നല്‍കാനാവില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത യൂനിയന്‍ നേതാക്കള്‍ ഒത്തുതീര്‍പ്പിന് വഴങ്ങുകയായിരുന്നു. മെയ് ഒന്ന് മുതല്‍ നോക്ക് കൂലി നിരോധിക്കാന്‍ തീരുമാനിച്ചതാണ് ജില്ലയില്‍ തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തൊഴില്‍ വകുപ്പ് നിര്‍ബന്ധിതരാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."