തേവാരംമെട്ട്-തേവാരം റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും
നെടുങ്കണ്ടം: ആറരക്കോടി രൂപ വകയിരുത്തിയ തേവാരംമെട്ട്-തേവാരം റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തില്‍നിന്നു തേനി, മധുര, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലേക്കു 30 കിലോമീറ്ററിന്റെ കുറവുണ്ടാകും.
വനമേഖലയിലൂടെയുള്ള ഗതാഗതത്തിനു ചില നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി റോഡ് തുറക്കുന്നതിനാണു തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞദിവസം തമിഴ്‌നാട് മന്ത്രിമാരും കേരളത്തിലെ നേതാക്കളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു റോഡിനു ഫണ്ട് അനുവദിച്ചത്. തേവാരത്തു നടന്ന യോഗത്തില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, വനംവകുപ്പ് മന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശന്‍, മുന്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എം. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
റോഡിന്റെ പ്രാധാന്യത്തെപ്പറ്റി കേരള നേതാക്കള്‍ തമിഴ്‌നാട് മന്ത്രിമാരെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു റോഡ് നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചത്. കേരള അതിര്‍ത്തിയായ തേവാരംമെട്ടില്‍നിന്ന് അഞ്ചു കിലോമീറ്ററോളം ദൂരമാണ് തേവാരത്തിനുള്ളത്. ഇതു ഗതാഗതയോഗ്യമാകുന്നതോടെ ഹൈറേഞ്ചിനു വലിയ നേട്ടം ഉണ്ടാകും. തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, വിവിധ ആവശ്യങ്ങള്‍ക്കു തമിഴ്‌നാട്ടിലേക്കു പോകുന്ന യാത്രക്കാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് എളുപ്പമാര്‍ഗമാവും. നിലവില്‍ താന്നിമൂട് മുതല്‍ തേവാരംമെട്ട് വരെയുള്ള കേരളത്തിന്റെ റോഡ് വീതികൂട്ടി പുനര്‍നിര്‍മിച്ചുവരികയാണ്. റോഡ് തുറക്കുന്നതിനായി ജോയ്‌സ് ജോര്‍ജ് എംപിയും ഇടപെടല്‍ നടത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പു തമിഴ്‌നാട് വനംവകുപ്പിന്റെ ചന്ദനറിസര്‍വെന്ന പേരിലാണു വനത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ച് ചെക്‌പോസ്റ്റ് സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പു തമിഴ്‌നാട്ടില്‍നിന്ന് അരിയും പലചരക്കുസാധനങ്ങളും ആനക്കല്ല്-തേവാരം റോഡിലൂടെയാണു നെടുങ്കണ്ടത്തേക്കും പരിസരപ്രദേശത്തേക്കും എത്തിച്ചിരുന്നത്. ഹൈറേഞ്ചിലെ ഏലം, കുരുമുളക് എന്നിവ തമിഴ്‌നാട്ടിലെത്തിച്ചു കച്ചവടം നടത്തുന്നതിനു വ്യാപാരികള്‍ പ്രധാനപാതയായി ഉപയോഗിച്ചിരുന്ന റോഡാണു തമിഴ്‌നാട് വനംവകുപ്പ് അടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."