ഡിജിറ്റല്‍ നിയമസഭ; പദ്ധതി രേഖ സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: കേരള നിയമസഭ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ നിയമസഭയാകുന്നതിന്റെ വിശദമായ പദ്ധതി രേഖ പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാറിനു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സമര്‍പ്പിച്ചു.
പദ്ധതിക്ക് ഉടന്‍ ധനകാര്യ അനുമതി നല്‍കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനല്‍കിയതായും സ്പീക്കര്‍ പറഞ്ഞു.
ഡിജിറ്റല്‍ നിയമസഭ പദ്ധതി സംബന്ധിച്ച് സ്പീക്കര്‍ കേന്ദ്ര സര്‍ക്കാരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വിശദമായ പദ്ധതിരേഖ തയാറാക്കി സമര്‍പ്പിച്ചത്.
ഒരു തുണ്ട് കടലാസ് പോലും ആവശ്യമില്ലാത്ത വിധം നിയമസഭാ സാമാജികരുടേയും നിയമസഭയുടെ പ്രിന്റിങ് പ്രവര്‍ത്തനങ്ങളേയും ഡിജിറ്റലൈസ് ചെയ്ത് ഏകീകരിക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്ന് സ്പീക്കര്‍ പറഞ്ഞു. നിലവില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കംപ്യൂട്ടര്‍ വഴി സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും പത്തുമുതല്‍ പതിനഞ്ചുവരെ അംഗങ്ങള്‍ മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ.
ഡിജിറ്റല്‍ നിയമസഭ പദ്ധതി ലളിതമായി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനാല്‍തന്നെ നിയമസഭാ സാമാജികര്‍ക്ക് എളുപ്പം പഠിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."