പേരില്‍ വെളിച്ചെണ്ണ, കവറിനുള്ളില്‍ വ്യാജന്‍
തിരുവനന്തപുരം: വെളിച്ചെണ്ണയെന്ന പേരില്‍ കേരളത്തിലേക്ക് 'ചാത്തനെണ്ണ'യുടെ കുത്തൊഴുക്ക്. ശരീരത്തിന് അത്യന്തം ദോഷകരമായ മായം ചേര്‍ത്ത വെളിച്ചെണ്ണ ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലും എത്തുന്നത്. കൃഷി വകുപ്പ് നടപടി ശക്തമാക്കിയിട്ടും വ്യാജന് കുറവുണ്ടായിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ വെളിച്ചെണ്ണയുടെ വില ഗണ്യമായി വര്‍ധിച്ചതോടെയാണ് വ്യാജന്‍ വിപണി കീഴടക്കിയത്. വെളിച്ചെണ്ണയില്‍ മുഖ്യമായും കലര്‍ത്തുന്നത് ഗുണനിലവാരം കുറഞ്ഞ പാം കെര്‍ണല്‍ എണ്ണയാണ്. പാമോയിലിന്റെ അനുബന്ധ ഉല്‍പന്നമെന്നു വിശേഷിപ്പിക്കാവുന്ന ഇതിനു കിലോയ്ക്ക് 60 രൂപയേയുള്ളൂ.
നിറവും മണവുമില്ലാത്ത പാം കെര്‍ണല്‍ എണ്ണ വെളിച്ചെണ്ണയില്‍ കലര്‍ത്തിയാല്‍ തിരിച്ചറിയാനാവില്ല. പാം കെര്‍ണല്‍ ഭക്ഷ്യ എണ്ണയായി കണക്കാക്കുന്നുണ്ടെങ്കിലും വെളിച്ചെണ്ണയില്‍ കലര്‍ത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.
ഇതരസംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് കേരളത്തിലേക്ക് യഥേഷ്ടം വ്യാജനെത്തുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൃഷി വകുപ്പ് വെളിച്ചെണ്ണയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ ലാബുകളില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വെളിച്ചെണ്ണയില്‍ വ്യാപകമായി വിലകുറഞ്ഞ മറ്റു ഭക്ഷ്യഎണ്ണ കലര്‍ത്തി വില്‍ക്കുന്നതായും കണ്ടെത്തിയിരുന്നു. പാം കെര്‍ണല്‍ ഓയിലാണ് വ്യാപകമായി ചേര്‍ത്തിട്ടുള്ളതെന്നാണ് പരിശോധനാ ഫലം. വെളിച്ചെണ്ണയില്‍ അയഡിന്‍ 7.5നും 10നും ഇടയിലാണ് അനുവദനീയമായ അളവ്. എന്നാല്‍, പരിശോധനയില്‍ ഇതു 53 വരെ കണ്ടെത്തി. ഫ്രീ ഫാറ്റി ആസിഡിന്റെ അളവ് 1.5നും മൂന്നിനും ഇടയിലാണ് വേണ്ടത്. ഇതിലും വലിയ വ്യതിയാനമുണ്ട്. ഇത്തരത്തില്‍ വില്‍പന നടത്തിയവര്‍ക്കെതിരേ 105 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തുടര്‍ച്ചയായി കേസുകള്‍ വരുന്ന ബ്രാന്‍ഡുകളെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 29 ബ്രാന്‍ഡുകളാണ് സംസ്ഥാനത്തുള്ളത്.
കേര പ്ലസ്, ഗ്രീന്‍ കേരള, കേര എ വണ്‍, കേര സൂപ്പര്‍, കേരം ഡ്രോപ്‌സ്, ബ്ലേസ്, പുലരി, കൊക്കോ ശുദ്ധം, കേര നന്മ, കൊപ്രനാട്, കോക്കനട്ട് നാട്, കേരശ്രീ, കേരതീരം, പവന്‍, കല്‍പ്പ ഡ്രോപ്‌സ് കോക്കനട്ട് ഓയില്‍, ഓണം കോക്കനട്ട് ഓയില്‍, അമൃത പുവര്‍ കോക്കനട്ട് ഓയില്‍, കേരള കൊക്കോനട്ട് പ്യുവര്‍ കോക്കനട്ട് ഓയില്‍, എ വണ്‍ സുപ്രിം അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കേര ടേസ്റ്റി ഡബിള്‍ ഫില്‍റ്റേഡ് കോക്കനട്ട് ഓയില്‍, ടി.സി നാദാപുരം കോക്കനട്ട് ഓയില്‍, നട്ട് ടേസ്റ്റി കോക്കനട്ട് ഓയില്‍, കൊക്കോ പാര്‍ക്ക് കോക്കനട്ട് ഓയില്‍, കല്‍പ്പക (രാഖ്) ഫില്‍റ്റേഡ് ഫ്യൂവല്‍ കോക്കനട്ട് ഓയില്‍, പരിശുദ്ധി പ്യുവര്‍ കോക്കനട്ട് ഓയില്‍, നാരിയല്‍ ഗോള്‍ഡ് കോക്കനട്ട് ഓയില്‍, കൊക്കോഫിന നാച്വുറല്‍ കോക്കനട്ട് ഓയില്‍, പ്രിമിയം ക്വാളിറ്റി എ.ആര്‍ പ്യൂവര്‍ കോക്കനട്ട് ഓയില്‍, കോക്കനട്ട് ടെസ്റ്റാ ഓയില്‍ എന്നിവയാണ് സംസ്ഥാനത്ത് നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍.
എന്നാല്‍ ഇവയില്‍ പലതും ഇപ്പോഴും സുലഭമാണെന്നതാണ് വസ്തുത. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേര ഫെഡിന്റെ കേര വെളിച്ചെണ്ണയുടെ പേരിലും വ്യാജന്‍ ഇറങ്ങുന്നതായും സൂചനയുണ്ട്. കേര പ്രമുഖ ബ്രാന്‍ഡായതിനാല്‍ ഇതിനോട് സാമ്യമുള്ള പേരിലാണ് വ്യാജ ബ്രാന്‍ഡുകള്‍ വിപണിയില്‍ വിലസുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."