മക്കയിലെ സംസം കിണര്‍ നവീകരണം അവസാനഘട്ടത്തില്‍
മക്ക: മക്കയിലെ സംസം കിണര്‍ നവീകരണ പദ്ധതി അവസാനഘട്ടത്തോടടുക്കുന്നു. റമദാനു മുന്‍പ് തന്നെ പണി പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടന്നു വരുന്നത്.
പദ്ധതിയുടെ 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റി മേധാവിയും മസ്ജിദുല്‍ ഹറം പദ്ധതികളുടെ മേല്‍നോട്ട സമിതി അധ്യക്ഷനുമായ ഡോ. ബക്രി അസാസിന്റെ നേതൃത്വത്തില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം നിര്‍മാണ പ്രവൃത്തികള്‍ നേരിട്ട് വിലയിരുത്തി. സംസം കിണര്‍ വികസനം ഇത്തവണ ബൃഹത്തായതിനാല്‍ മത്വാഫിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉംറക്കാര്ക്കുമാത്രമാണ് നിലവില്‍ മത്വാഫിലേക്ക് പ്രവേശനമുള്ളൂ.നിസ്കാരത്തിനുള്ള ഇടവേളയൊഴികെ മുഴുവന്‍ സമയത്തും ജോലി തുടരുകയാണ്.
കഴിഞ്ഞ നവംബറില്‍ ആരംഭിച്ച സംസം കിണര്‍ പുനരുദ്ധാരണ ജോലികള്‍ അതിവേഗത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇനി രണ്ടു മാസം കൊണ്ട് റമദാനിനു മുമ്പായി ജോലി തീര്‍ക്കുകയാണ് ലക്ഷ്യം.
സംസം കിണറില്‍ അഞ്ച് വമ്പന്‍ പൈപ്പുകള്‍ സ്ഥാപിക്കലും അണുവിമുക്തമാക്കലുമാണ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 120 മീറ്റര്‍ നീളത്തിലും എട്ടുമീറ്റര്‍ വീതിയിലുമാണ് പൈപ്പുകള്‍ സ്ഥാപിച്ചിരുന്നത്. ഇനി അണു നശീകരണവും കിണറിന്റെ പാര്‍ശ്വ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയുമാണുള്ളത്. ഒപ്പം സംസം വെള്ളം കൂടുതലായി പുറത്തെത്തിക്കുന്നതിനുള്ള പൈപ്പിങ് ജോലികളും നടക്കുന്നുണ്ട്.
250 എന്‍ജിനീയര്‍മാരാണ് പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നത്. 11 ക്രെയിനുകളുടെ സഹായത്തോടെയാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."