സുഗതന്റെ മരണം: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
പുനലൂര്‍: പ്രവാസി സുഗതന്റെ മരണത്തില്‍ കാരണക്കാരായ മുഴുവന്‍ ആളുകളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സുഗതന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സുഗതന്‍ ആരംഭിക്കാനിരുന്ന വര്‍ക്ക്‌ഷോപ്പിലാണ് പ്രകടനം അവസാനിക്കുക.
സര്‍ക്കാര്‍ സുഗതന്റെ കുടുംബത്തിന് ആശ്വാസധനായി 25 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയത്തില്‍ പ്രതിഷേധിച്ചുമാണ് പ്രതിഷേധം.
പ്രവാസിയായിരുന്ന സുഗതന്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ വാങ്ങിയ സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
ഈ സ്ഥലം വയല്‍ നികത്തിയെടുത്തതാണെന്ന് ആരോപിച്ചായിരുന്നു യുവജനസംഘടനയുടെ പ്രതിഷേധം. ഇതില്‍ മനംനൊന്ത് സുഗതന്‍ ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുകളും സുഹൃത്തുകളും ആരോപിക്കുന്നത്. വര്‍ക്ക്‌ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷന് സമീപത്തെ ഷെഡിലായിരുന്നു മൃതദേഹം കണ്ടത്.
35 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുഗതന്‍ മക്കളായ സുജിത്ത്, സുനില്‍ ബോസ് എന്നിവരെയും ഗള്‍ഫില്‍ ജോലിക്കായി കൊണ്ടുപോയിരുന്നു. ആറുമാസം മുന്‍പ് എല്ലാവരും മടങ്ങിയെത്തിയതോടെയാണ് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം എന്ന ആശയമുദിച്ചതും വര്‍ക്ക്‌ഷോപ്പിനായി ശ്രമം തുടങ്ങിയതും.
സുഗതന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."