നിയമസഭയിലെ അക്രമം നിലപാടെടുക്കാതെ നിയമവകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ നിലപാട് അറിയിക്കാതെ നിയമവകുപ്പ് ഒഴിഞ്ഞുമാറുന്നു. കേസ് പിന്‍വലിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കിലും നിയമവകുപ്പ് ഇതുവരെ വ്യക്തമായൊരു നിലപാട് അറിയിച്ചിട്ടില്ല.
കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച് നിയമവകുപ്പിന്റെ നിലപാട് സര്‍ക്കാര്‍ തേടിയിരുന്നു. എന്നാല്‍ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് വകുപ്പില്‍നിന്ന് ലഭിച്ചത്. പിന്‍വലിക്കാമെന്നൊ പാടില്ലെന്നോ വകുപ്പില്‍നിന്ന് ശുപാര്‍ശ ലഭിച്ചിട്ടില്ല. കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിനു വിരുദ്ധമാകില്ലെന്നു സര്‍ക്കാരിനു ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ തുടര്‍നടപടികള്‍ സ്വീകരിക്കാവുന്നതാണെന്ന ശുപാര്‍ശയാണ് വകുപ്പില്‍നിന്ന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. പൊതുതാല്‍പര്യം കണക്കിലെടുത്ത് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു. കേസ് പിന്‍വലിക്കാനുള്ള തീരുമാനം പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് കോടതി പരിഗണിച്ചപ്പോള്‍ കേസ് പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചില്ല.
2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ പ്രതിപക്ഷം നടത്തിയ ശ്രമമാണ് കൈയാങ്കളിയിലും സ്പീക്കറുടെ വേദി തകര്‍ക്കുന്നതിലും എത്തിയത്. ഇതിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് ആറ് എല്‍.ഡി.എഫ് അംഗങ്ങള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
സ്പീക്കറുടെ വേദിയും കസേരയുമടക്കം രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നായിരുന്നു കേസ്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അന്നത്തെ സര്‍ക്കാര്‍ എടുത്തതാണു കേസ് എന്ന് കാണിച്ച് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ നീക്കമാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."