നീതി നിര്‍വഹണത്തില്‍ പൊലിസിന്റെ ഇടപെടല്‍ ജനപക്ഷത്ത് നിന്നുകൊണ്ടാകണം
മീനങ്ങാടി: ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന മക്കളെ പേടിപ്പിക്കാന്‍ 'പൊലിസ് മാമന്‍' വരുന്നെന്ന് പറയുന്നത് പഴമൊഴി. കാലം മാറി, കവലച്ചട്ടമ്പിയുടേത് പോലുള്ള പെരുമാറ്റവും ഭാഷയും മാറി പൊലിസിന്ന് ജനമൈത്രിയായി. പൊലിസ് സ്റ്റേഷനുകളെ സ്റ്റേഷനുകളെ കുറിച്ചുള്ള പൊതുജന മനസുകളിലെ മിഥ്യാധാരണകള്‍ മാറി. എന്നാല്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാകണമെന്നാണ് കേരളാ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മീനങ്ങാടിയില്‍ നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ അഭിപ്രായമുയര്‍ന്നത്. കൃത്യമായ നിയമപാലനത്തിന് പൊലിസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണം. നീതി നിര്‍വഹണത്തില്‍ പൊലിസിന്റെ ഇടപെടല്‍ ജനപക്ഷത്ത് നിന്നുകൊണ്ടാവണമെന്ന അഭിപ്രായവും ഫോറത്തില്‍ ഉയര്‍ന്നു.
'പൊതു മനസിലെ പൊലിസ് - മിഥ്യകള്‍ യാഥാര്‍ഥ്യങ്ങള്‍' എന്ന വിഷയത്തിലായിരുന്നു ഓപ്പണ്‍ ഫോറം. പൊലിസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊതുജനങ്ങളും ചര്‍ച്ചയില്‍ പങ്കാളികളായി.
ഓപ്പണ്‍ ഫോറം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുല്‍ ഷെരീഫ് അധ്യക്ഷനായി.
പൊതുജനങ്ങളുടെ മനസില്‍ കയറിക്കൂടുന്നതിന് പൊലിസിന് കഴിയണം. ഇതിന് ജനത്തെ അറിയുന്ന മനസാണ് പൊലിസിന് ആവശ്യമെന്ന് പരിപാടിയില്‍ സംസാരിച്ച കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം പറഞ്ഞു. പൊലിസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കാല്‍നൂറ്റാണ്ടിനിടെ ആശാവഹമായ പുരോഗതി ഉണ്ടായതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സൈനിക മേധാവി പോലും മതനിരപേക്ഷതക്കെതിരേ സംസാരിക്കുമ്പോള്‍ പൊലിസിന്റെ മതനിരപേക്ഷ നിലപാടുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ.കെ ജോണി പറഞ്ഞു. ജനങ്ങളുടെ പൗരാവകാശവും മൗലികാവകാശവും സംരക്ഷിക്കാന്‍ പൊലിസിന് ബാധ്യതയുണ്ട്. മാധ്യമങ്ങളെ ശത്രുപക്ഷത്ത് കാണുന്ന നിലപാടില്‍ നിന്നും പൊലിസ് മാറണമെന്ന് വയനാട് പ്രസ്‌ക്ലബ് സെക്രട്ടറി പി.ഒ ഷീജ പറഞ്ഞു. കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി സതീഷും ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.പി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു മോഡറേറ്ററായി.
ജില്ലാ സെക്രട്ടറി കെ.പി രാധാകൃഷ്ണന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.വി അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."