പേരറിവാളന്റെ ആവശ്യം തള്ളണമെന്ന് സി.ബി.ഐ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ബോംബ് സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന എ.ജി പേരറിവാളന്റെ ഹരജി തള്ളണമെന്ന് സി.ബി.ഐ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്കു രണ്ടാമതൊരു പുനപ്പരിശോധനാ ഹരജി നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ ഇത്തരത്തില്‍ ആവശ്യപ്പെട്ടത്.
രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു കാരണമായ ഗൂഢാലോചനയില്‍ പേരറിവാളന്റെ പങ്ക് വ്യക്തമായതും മറ്റുള്ളവരുടെ പങ്ക് സുപ്രിംകോടതി ശരിവെച്ചതുമാണ്. തനിക്കെതിരേ കുറ്റം ചുമത്തിയ നടപടി ശരിവച്ച സുപ്രിംകോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളന്‍ നേരത്തെ നല്‍കിയ ഹരജി തള്ളിയതുമാണ്.
ഈ സാഹചര്യത്തില്‍ ഇതേയാവശ്യം ഉന്നയിച്ച് നല്‍കിയ ഹരജിക്ക് നിയമസാധുതയില്ലെന്നും സി.ബി.ഐ ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ പേരറിവാളന്‍ പ്രതിയാണെന്ന് ശരിവച്ച 1999ലെ വിചാരണക്കോടതി ഉത്തരവ് പിന്‍വലിക്കണമെന്നും കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ ഹരജിയാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍. ഭാനുമതി എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ രണ്ടംഗബെഞ്ച് മുമ്പാകെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."