സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍
തിരുവനന്തപുരം: എ.ഡി.ജി.പി എം ആര്‍ അജിത്കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍ എം.എല്‍.എ. സോളാര്‍ കേസ് അട്ടിമറിക്കാന്‍ ലഭിച്ച പണം ഉപയോഗിച്ച് കവടിയാര്‍ വില്ലേജില്‍ എം ആര്‍ അജിത്കുമാര്‍ ഫ്ലാറ്റ് വാങ്ങിയെന്നും 33.80 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് പത്തുദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് അജിത്കുമാര്‍ മറിച്ചുവിറ്റുവെന്നും അന്‍വര്‍ ആരോപിച്ചു. ഇതിലൂടെ 32 ലക്ഷം രൂപ കള്ളപ്പണം വെളുപ്പിച്ചതിലൂടെ അജിത് കുമാറിന് ലഭിച്ചു. 4 ലക്ഷത്തിലധികം രൂപയുടെ നികുതി വെട്ടിപ്പും ഈ ഇടപാടിലൂടെ നടന്നതായും അന്‍വര്‍ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്‍പ്, 2016 ഫെബ്രുവരി 19നാണ് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങിയതെന്ന് അന്‍വര്‍ പറഞ്ഞു. 33.80 ലക്ഷം രൂപയ്ക്കാണ് ഫ്ലാറ്റ് വാങ്ങിയത്. പത്തുദിവസം കഴിഞ്ഞ് ഫെബ്രുവരി 29ന് ഫ്ലാറ്റ് വിറ്റു. 65 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഈ മാജിക് എന്താണ് എന്ന് വിജിലന്‍സ് േേഅന്വഷിക്കട്ടെ. ഈ ഫ്ലാറ്റില്‍ ആരാണ് താമസിക്കുന്നത് എന്ന് അന്വേഷിക്കൂ? എവിടെ നിന്ന് കിട്ടി ഈ പണം എന്നും അന്വേഷിക്കണം. അന്നേ ഞാന്‍ പറയുന്നതാണ് സോളാര്‍ കേസ് അട്ടിമറിക്കാന്‍ പണം വാങ്ങിയെന്ന്. ഇത് അത്തരത്തില്‍ വാങ്ങിയ പണമാണ്. അന്ന് ഫ്ലാറ്റിന്റെ വില 55 ലക്ഷം രൂപയാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ഭ്രാന്താണോ? എന്തിനാണ് 33 ലക്ഷം രൂപയ്ക്ക് വിറ്റത്?. ഇത് രണ്ടാമത്തെ ഗെയിമാണ്. വാങ്ങിയ വിലയും വിറ്റ വിലയും തമ്മില്‍ 32 ലക്ഷത്തിന്റെ അന്തരമുണ്ട്. 32 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് രേഖ ഉണ്ടാക്കുകയാണ് ചെയ്തത്. 32 ലക്ഷം രൂപയാണ് വൈറ്റാക്കിയത്. ഇങ്ങനെ എത്രയെത്ര ഡീലുകളാണ് നടന്നത്.'- അന്‍വര്‍ ആരോപിച്ചു.
കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകള്‍ അജിത് കുമാറിനുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. 55 ലക്ഷം രൂപ വിലയുളള ഫ്‌ലാറ്റ് എങ്ങനെ അജിത് കുമാറിന് എങ്ങനെ 33 ലക്ഷം രൂപ കിട്ടിയെന്ന് അന്വേഷിക്കണം. ഡോക്യുമെന്റ് പ്രകാരം 407,000 രൂപയുടെ അഴിമതി സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാത്രം നടത്തിയിട്ടുണ്ട്. ഇതും വിജിലന്‍സ് അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഉടന്‍ പരാതി നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി 11 മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുന്നതിന് മുന്‍പായാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനം നടത്തി എ.ഡി.ജി.പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."