അശാസ്ത്രീയ ശേഖരണം: വനത്തില്‍ ചെറുകിട വിഭവങ്ങള്‍ കുറയുന്നു
കല്‍പ്പറ്റ: പതിറ്റാണ്ടുകളായി തുടരുന്ന അശാസ്ത്രീയ ശേഖരണം മൂലം വയനാടന്‍ വനങ്ങളില്‍ ചെറുകിട വനവിഭവങ്ങള്‍ കുറയുന്നു.
തേന്‍, പൂപ്പല്‍, പാടത്താളിക്കിഴങ്ങ്, കുറുന്തോട്ടി, നെല്ലിക്ക എന്നിവയാണ് പ്രധാന ചെറുകിട വനവിഭവങ്ങള്‍. ഇതില്‍ കുറുന്തോട്ടി, നെല്ലിക്ക എന്നിവയുടെ ലഭ്യതയാണ് ഓരോ വര്‍ഷവും കുറയുന്നത്. വനത്തില്‍നിന്നു ചെറുകിട വിഭവങ്ങള്‍ ശേഖരിച്ച വില്‍ക്കുന്നതിന് ആദിവാസികള്‍ക്കാണ് വനംവന്യജീവി വകുപ്പിന്റെ അനുമതി.
പണിയരും കാട്ടുനായ്ക്കരുമാണ് ചെറുകിട വനവിഭവ ശേഖരണം പ്രധാനമായും നടത്തുന്നത്. കാട്ടുനായ്ക്കരാണ് വന്‍മരങ്ങളില്‍നിന്നു തേനും പൂപ്പലും പ്രധാനമായും ശേഖരിക്കുന്നത്. പണിയര്‍ കുറുന്തോട്ടി, നെല്ലിക്ക എന്നിവയും.
വലിയ മരങ്ങളില്‍ കയറുന്നതിനും തേനും പൂപ്പലും ശേഖരിക്കുന്നതിലും കാട്ടുനായ്ക്കര്‍ക്കാണ് പ്രാവീണ്യം. ശേഖരിക്കുന്ന വനവിഭവങ്ങള്‍ ആദിവാസികള്‍ അവര്‍ അംഗങ്ങളായ പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ക്കാണ് നല്‍കുന്നത്. ജില്ലയില്‍ മേപ്പാടി, പുല്‍പ്പള്ളി, കല്ലൂര്‍, തിരുനെല്ലി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ പട്ടികവര്‍ഗ സംഘങ്ങളുണ്ട്.
കിലോഗ്രാമിന് പച്ചക്കുറുന്തോട്ടി 20 രൂപ, ഉണക്കക്കുറുന്തോട്ടി 60, തേന്‍ 350, പാടത്താളിക്കിഴങ്ങ് 300 രൂപ എന്നിങ്ങനെയാണ് സംഘങ്ങള്‍ ആദിവാസികള്‍ക്ക് നല്‍കുന്ന വില. സംഘങ്ങള്‍ പ്രദേശിക വില്‍പന കഴിച്ചുള്ള വിഭവങ്ങള്‍ സംസ്ഥാന പട്ടികവര്‍ഗ ഫെഡറേഷനാണ് കൊടുക്കുന്നത്. ഫെഡറേഷന്‍ ഇവ ലേലം ചെയ്യുകയാണ് പതിവ്. വന്‍കിട ഔഷധ നിര്‍മാണ സ്ഥാപനങ്ങളാണ് മുഖ്യമായും ലേലത്തില്‍ പങ്കെടുക്കുന്നത്.
വന്യജീവി സങ്കേതം ഒഴികെ കാടുകളില്‍നിന്നു ചെറുകിട വിഭവങ്ങള്‍ ശേഖരിക്കുന്നതിനാണ് ആദിവാസികള്‍ക്ക് അനുവാദം. എന്നാല്‍ ആദിവാസികള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് വന്യജീവി സങ്കേതത്തിലും വിഭവശേഖരണം നടത്തുന്നുണ്ട്. പൂര്‍ണവളര്‍ച്ചയെത്തിയ ശേഷമേ കുറുന്തോട്ടി ശേഖരിക്കാവൂ എന്നാണ് വനംവകുപ്പും പട്ടികവര്‍ഗ സംഘങ്ങളും ആദിവാസികള്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ പലരുമിത് പാലിക്കുന്നില്ല.
അശാസ്ത്രീയമായി അടച്ചുപറിക്കല്‍ നടത്തുന്ന സ്ഥലങ്ങളില്‍ പിന്നീട് മുളയ്ക്കുന്ന കുറുന്തോട്ടിയുടെ എണ്ണം ഗണ്യമായാണ് കുറയുന്നത്. മരത്തിനു കേടുപറ്റാതെ നെല്ലിക്ക ശേഖരിക്കണമെന്ന നിര്‍ദേശം കണക്കിലെടുക്കാത്തവരും ആദിവാസികള്‍ക്കിടയിലുണ്ട്. ശിഖരങ്ങള്‍ വെട്ടിയിറക്കിയാണ് ചിലരുടെ നെല്ലിക്ക ശേഖരണം. മരം അപ്പാടെ വെട്ടിമറിക്കുന്നവരും കുറവല്ല. ഇതുമൂലം വനത്തില്‍ വ്യാപകമായി നെല്ലിമരങ്ങളുടെ എണ്ണവും കുറയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."