കരുണ, അഞ്ചരക്കണ്ടി മെഡി. കോളജ് പ്രവേശനം ക്രമവല്‍ക്കരിക്കുന്നതിനുള്ള ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളില്‍ 2016 - 17 അധ്യയന വര്‍ഷം നടത്തിയ പ്രവേശന നടപടികള്‍ ക്രമവല്‍ക്കരിക്കുന്നതിനുള്ള ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. കോളജ് മാനേജ്‌മെന്റ് ഒരു വിദ്യാര്‍ഥിക്ക് മൂന്നു ലക്ഷം രൂപ വീതം ക്രമവല്‍ക്കരണ ഫീസായി അടയ്ക്കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. മാനേജ്‌മെന്റ് ഒരു തരത്തിലുമുള്ള കാപിറ്റേഷന്‍ ഫീസ് ഈടാക്കിയിട്ടില്ലെന്നും കൊള്ളലാഭം ഉണ്ടാക്കിയിട്ടില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകള്‍ പ്രവേശന മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതാണ് നിയമസഭയില്‍ ബില്‍ കൊണ്ടുവരേണ്ട സാഹചര്യം സൃഷ്ടിച്ചത്. ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ലെന്നും പ്രവേശന നടപടികള്‍ സുതാര്യമല്ലെന്നുമുള്ള കാരണത്താല്‍ പ്രവേശന മേല്‍നോട്ട സമിതി ഈ കോളജുകളിലെ പ്രവേശനം റദ്ദാക്കിയിരുന്നു. ഈ നടപടിയെ ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയും ശരിവയ്ക്കുകയും ചെയ്തു. ഇതോടെ പ്രവേശനം നേടിയ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടേതല്ലാത്ത വീഴ്ചകള്‍ക്ക് അവര്‍ ഇരകളാകാന്‍ പാടില്ലെന്ന നിലപാടിലാണ് നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു.
അതേസമയം, ഒന്നോ രണ്ടോ കോളജുകള്‍ക്കു വേണ്ടി നിയമനിര്‍മാണം നടത്തുന്നത് കീഴ്‌വഴക്കമായി മാറരുതെന്ന് കെ.എന്‍.എ ഖാദര്‍ പറഞ്ഞു. കുട്ടികളെ വഞ്ചിക്കുന്ന സമീപനമാണ് ഈ രണ്ടു മാനേജ്‌മെന്റുകളും സ്വീകരിച്ചതെന്ന് മന്ത്രി ശൈലജ പറഞ്ഞു. കുട്ടികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന തിരിച്ചറിവിലാണ് നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ കുട്ടികളെ രക്ഷിക്കാന്‍ സഹായിക്കുമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതൊരു കീഴ്‌വഴക്കമായി മാറില്ല. ചോദിക്കുന്നിടത്തെല്ലാം സ്വാശ്രയ കോളജ് അനുവദിച്ചത് തെറ്റായിപ്പോയെന്ന് സമ്മതിക്കുന്നു. ഏതു സര്‍ക്കാരിന്റെ കാലത്താണ് ഇത് സംഭവിച്ചതെന്ന് പറയുന്നില്ല. സ്വാശ്രയ കൊള്ളയ്‌ക്കെതിരേ ശക്തമായ നടപടിയെടുക്കും. ഇക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷ ഭേദമെന്യേ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."