ജംബോപട്ടികയില്‍ നുറോളംപേര്‍; കെ.പി.സി.സി: നോമിനേറ്റഡ് അംഗങ്ങളുടെ പട്ടിക വൈകുന്നു
കൊല്ലം: വീണ്ടും ജംബോ പട്ടിക അയച്ചതോടെ കെ.പി.സി.സിയിലേക്കുള്ള നോമിനേറ്റഡ് അംഗങ്ങളുടെ പട്ടിക വൈകുന്നു. 140 നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ നിന്നുമായി 280 കെ.പി.സി.സി അംഗങ്ങളുടെ ഔദ്യോഗിക ലിസ്റ്റ് പുറത്തുവന്നിട്ട് നാളുകളായി. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെയാണ് നോമിനേറ്റ് ചെയ്യാന്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍ തീരുമാനിച്ചിരുന്നത്. ഇതിനായി ഹൈക്കമാന്‍ഡില്‍ നിന്ന് അംഗീകാരവും കെ.പി.സി.സിക്ക് ലഭിച്ചിരുന്നു.
280 പേരുടെ പതിനഞ്ച് ശതമാനമായിരിക്കണം നോമിനേഷനെന്ന വ്യവസ്ഥ വീണ്ടും ഉയര്‍ത്തി നിലവില്‍ നൂറുപേരടങ്ങുന്ന പട്ടികയാണ് സംസ്ഥാനനേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിലാകട്ടെ മാനദണ്ഡം പാലിച്ചില്ലെന്ന പരാതി എല്ലാ ഗ്രൂപ്പുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഒരു ജില്ലയില്‍ നിന്ന് പരമാവധി ആറോ ഏഴോ പേരടങ്ങുന്ന പട്ടികക്ക് പകരം 15 പേര്‍വരെ ഉള്‍പ്പെടുന്നതാണ് നിലവിലെ ജംബോ ലിസ്റ്റ്.
ചില ഗ്രൂപ്പ് നേതാക്കള്‍ സന്തതസഹചാരികളുടെ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് നേതാക്കള്‍ തന്നെ പറയുന്നത്. ഇതിനിടെ എ.ഐ.സി.സി അംഗങ്ങളാകാന്‍ പറ്റാത്ത ചില മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ തങ്ങളുടെ നോമിനികള്‍ വരണമെന്ന കടുത്ത നിര്‍ബന്ധത്തിലാണ്. ഐ ഗ്രൂപ്പിലാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിട്ടുള്ളത്. നിലവിലെ ഡി.സി.സി ഭാരവാഹികളായവരില്‍ പലരും അതാത് ജില്ലകളില്‍ നിന്നും നോമിനേറ്റഡ് പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളില്‍ പട്ടിക പുറത്തുവിടാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നതെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെട്ട നേതാക്കളുടെ അതിപ്രസരമാണ് പട്ടിക പ്രഖ്യാപനം വൈകാന്‍ ഇടയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."