കാട്ടുതീ ദുരന്തം: ഒരു മരണം കൂടി
തൊടുപുഴ: കേരള- തമിഴ്‌നാട് അതിര്‍ത്തി മേഖലയിലെ കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തേനിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധര്‍മപുരി സ്വദേശി നിഷയാണ് ഇന്നലെ മരിച്ചത്. അതേസമയം, കാട്ടുതീ അപകടം സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. വനമേഖലകളില്‍ നടക്കുന്ന അനധികൃത ട്രക്കിങ്ങിനെ കുറിച്ചും അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് തേനി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ സസ്‌പെന്റ് ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയാണ് ചെന്നൈ ട്രക്കിങ് ക്ലബ് അംഗങ്ങളെ കുരങ്ങിണി മലയിലേക്ക് കയറ്റിവിട്ടതെന്ന് പൊള്ളലേറ്റവര്‍ പൊലിസിന് മൊഴി നല്‍കി. അനുമതിയില്ലാത്ത പാതയിലൂടെയാണ് ട്രക്കിങ് സംഘം സഞ്ചരിച്ചതെന്ന് തേനി എസ്.പിയും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് റേഞ്ച് ഓഫിസറെ സസ്‌പെന്റ് ചെയ്തത്.
പരുക്കേറ്റ് മധുരയിലെ ആശുപത്രികളില്‍ കഴിയുന്ന 27 പേരില്‍ ഏഴുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവര്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലുണ്ട്. കാട്ടുതീ ഉണ്ടാകാനിടയായ സഹചര്യം, അനധികൃത ട്രക്കിങ് അനുവദിച്ചതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയവയെക്കുറിച്ചും സമഗ്രമായി അന്വേഷണം നടത്തും. ചെന്നൈ ട്രക്കിങ് ക്ലബിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തുടര്‍ന്ന് ക്ലബിനെതിരേയും നിയമനടപടികള്‍ ആരംഭിച്ചു. അനധികൃത ട്രക്കിങ് സംബന്ധിച്ചുള്ള അന്വേഷണം കേരളവുമായി സഹകരിച്ച് നടത്തുന്നതിനെക്കുറിച്ചും തമിഴ്‌നാട് ആലോചിക്കുന്നുണ്ട്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. കാട്ടിനുള്ളിലെ അനധികൃത ടെന്റുകള്‍, താമസ ഇടങ്ങള്‍ എന്നിവയെക്കുറിച്ചും വനംവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. തേനി ജില്ലാ ഭരണകൂടത്തിനായിരിക്കും പ്രാഥമിക അന്വേഷണത്തിന്റെ ചുമതല.
കുരങ്ങിണി മലയില്‍ കാട്ടു തീ അണഞ്ഞെങ്കിലും മറ്റിടങ്ങളില്‍ കാട്ടു തീ പ്രത്യക്ഷമായിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും സഹായധനവും തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടുതീയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒന്നരലക്ഷവുമാണ് ധനസാഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."