പാറക്കല്‍ അബ്ദുല്ലക്കെതിരായ സി.പി.എം പ്രചാരണം പ്രതിഷേധാര്‍ഹം: ആര്‍.എം.പി.ഐ
കോഴിക്കോട്: പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്കെതിരേ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരം നടത്തിക്കൊണ്ടിരിക്കുന്ന കള്ള പ്രചാരണം പ്രതിഷേധാര്‍ഹമാണെന്ന് ആര്‍.എം.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഓര്‍ക്കാട്ടേരി,ഒഞ്ചിയം മേഖലകളിലും വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്കും, വീടുകള്‍ക്കും, കച്ചവട സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ സി.പി.എം ക്രിമിനല്‍ സംഘം നടത്തിയ അക്രമങ്ങള്‍ ഏതൊരു മനുഷ്യ സ്‌നേഹിയുടേയും കരളലിയിപ്പിക്കുന്നതാണ്.
പരിക്കുപറ്റിയ ആളുകളെ ആശുപത്രിക്കകത്ത് വെച്ച് മര്‍ദിക്കുകയും, കത്തുന്ന വീടുകള്‍,കടകള്‍, വാഹനങ്ങള്‍ എന്നിവയുടെ തീയണക്കാന്‍ വന്ന ഫയര്‍ഫോഴ്‌സ് വാഹനം തടഞ്ഞുവെച്ചും,തൊഴിലിടങ്ങളില്‍ ആക്രമണം നടത്തി ഭീകരത സൃഷ്ടിക്കുകയും ചെയ്ത സി.പി.എം ക്രിമിനല്‍ ഫാസിസത്തെ എം.എല്‍.എ എന്ന നിലയില്‍ നിയമസഭയില്‍ തുറന്ന് കാട്ടിക്കൊണ്ട് ജനപ്രതിനിധിയുടെ ഉത്തരവാദിത്വം നിറവേറ്റുകയാണ് പാറക്കല്‍ അബ്ദുല്ല ചെയ്തത്. എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രി അദ്ദേഹത്തെ കടന്നാക്രമിക്കുകയായിരുന്നു നിയമസഭയില്‍ ചെയ്തത്.
തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും, ജില്ലാ കമ്മിറ്റിയും എം.എല്‍.ക്കെതിരായ കടന്നാക്രമണം തുടരുകയാണ്. കുറ്റ്യാടിയില്‍ കെ.കെ ലതിക തോറ്റതു മുതല്‍ ജില്ലാ സെക്രട്ടറിക്കുണ്ടായ വ്യക്തിവൈരാഗ്യമാണ് സി.പി.എമ്മിന്റെ കള്ള പ്രചാരണങ്ങളുടെയും, ഭീഷണികളുടെയും പ്രധാന കാരണം.
പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട സി.പി.എമ്മിന്റെ അരിശവും, ജില്ലാ സെക്രട്ടറിയുടെ വ്യക്തി വിദ്വോഷവുമാണ് പാറക്കലിന്റെ കോലം കത്തിക്കലിനും, അദ്ദേഹത്തിന്നെതിരായുള്ള കള്ളപ്രചാരണങ്ങള്‍ക്കും കാരണമെന്നതിനാല്‍ എല്ലാ ജനധിപത്യ വിശ്വാസികളും ഇതിനെതിരേ രംഗത്ത് വരണമെന്ന് ആര്‍.എം.പി.ഐ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."