നികുതിരഹിത ഗ്രാറ്റ്വിവിറ്റി പരിധി 20 ലക്ഷമാക്കും
ന്യൂഡല്‍ഹി: 20 ലക്ഷം വരെയുള്ള ഗ്രാറ്റ്വിവിറ്റി തുകക്ക് നികുതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ലോക്‌സഭ പാസാക്കിയ പെയ്‌മെന്റ് ഓഫ് ഗ്രാറ്റ്വിവിറ്റി ഭേദഗതി ബില്ലിലാണ് ഇത്തരമൊരു തീരുമാനം.
ഏഴാം ശമ്പള കമ്മിഷന്‍ നടപ്പാക്കുന്ന സാഹചര്യത്തിലാണ് 20 ലക്ഷം രൂപവരെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രാറ്റ്വിവിറ്റിക്ക് നികുതിയിളവ് പ്രഖ്യാപിച്ചത്. നേരത്തെ ഇത് 10 ലക്ഷം രൂപവരെയായിരുന്നു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പും ബഹളവും ഉയര്‍ത്തുന്നതിനിടയിലാണ് പാര്‍ലമെന്റ് ഭേദഗതി ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കൂടി സഹകരണമുണ്ടെങ്കില്‍ ഗ്രാറ്റ്വിവിറ്റി ഭേദഗതി ബില്ലില്‍ സാരമായ മാറ്റങ്ങളുണ്ടാക്കി അവതരിപ്പിക്കാമെന്ന് നേരത്തെ പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേകിച്ചും വനിതാ ജീവനക്കാര്‍ക്ക് ഉപകാരപ്രദമായതാണ് ഇന്നലെ പാസാക്കിയ ഗ്രാറ്റ്വിവിറ്റി ഭേദഗതി ബില്ലെന്ന് തൊഴില്‍മന്ത്രി സന്തോഷ്‌കുമാര്‍ ഗാങ്‌വാര്‍ പറഞ്ഞു.
പ്രസവാവധിക്കാലം സര്‍വിസിന്റെ തുടര്‍ച്ചയായി ഒപ്പം ചേര്‍ക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതും നിയമ ഭേദഗതിയില്ലാതെ തന്നെ ഗ്രാറ്റ്വിവിറ്റിയില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതുമാണ് ബില്ല്. എന്നാല്‍ ബില്ലിനുമേല്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു.
ബാങ്ക് തട്ടിപ്പ്, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി, കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഭാ നടപടികള്‍ തടസപ്പെടുത്തിയത്. ടി.ഡി.പിയും ടി.ആര്‍.എസും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."