ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം നല്കാന് സര്‍ക്കാര്‍
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ വീണ്ടും കുറ്റപത്രം നല്കാന് സര്‍ക്കാര്‍. ജേക്കബ് തോമസ് എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ചട്ടലംഘനം കണ്ടെത്തിയത്.
പുസ്തകം അനുമതിയില്ലാതെയാണു എഴുതിയതെന്നും സര്‍വീസ് ചട്ടലംഘനമുണ്ടെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സര്‍വിസിലിരിക്കെ ആത്മകഥ രചിച്ചത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്. പുസ്തകം പരിശോധിച്ചപ്പോള്‍ 14 ഇടങ്ങളില്‍ ചട്ടലംഘനത്തിന് കാരണമായ പരാമര്‍ശങ്ങളുണ്ട്. പൊലിസ് ഉദ്യോഗസ്ഥന് സര്‍വിസിലിരിക്കെ പുസ്തകം എഴുതാന്‍ തടസമുണ്ട്. സര്‍ക്കാര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുസ്തകത്തിലുണ്ട്. പുസ്തകം രചിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നുവെന്നും നളിനി നെറ്റോ മുഖ്യമന്ത്രിയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജേക്കബ് തോമസ് പുസ്തകം എഴുതിയത് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി കെ.സി. ജോസഫ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്നും ജോസഫ് വിശദീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിയമസെക്രട്ടറിയുടെ ഉപദേശം തേടുകയും അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."