സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ രാത്രി ഒന്‍പതരയോടെയായിരുന്നു അന്ത്യം.
1943ല്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്. 1976ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്ന പുസ്തകത്തിന് ലഭിച്ചു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു പഞ്ചസാര ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തില്‍ പ്രൈമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു. 1963ല്‍ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്ക്. 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്നു ഡിസ്മിസ് ചെയ്യെപ്പട്ടു. സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ കഥകള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. കഥാകാരി രജനി മന്നാടിയാര്‍ മകളാണ്.
പിതൃതര്‍പ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം നേടി. ജനിതകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാര്‍ഡ് (കേരള ഗവ.) 1981ല്‍ ശേഷക്രിയയ്ക്കും 95ല്‍ കഴകത്തിനും ലഭിച്ചു. 2006ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന്റെ ചുവന്ന ചിഹ്നങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു.
പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍
പാറ
ശേഷക്രിയ
ജനിതകം
അഴിമുഖം
ചുവന്ന ചിഹ്നങ്ങള്‍
എം. സുകുമാരന്റെ കഥകള്‍
മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം
തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്
ചരിത്ര ഗാഥ
പിതൃതര്‍പ്പണം
ശുദ്ധവായു
വഞ്ചിക്കുന്നം പതി
അസുരസങ്കീര്‍ത്തനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."