കോഴികര്‍ഷകര്‍ പ്രതിസന്ധിയില്‍; രണ്ടുലക്ഷം ഫാമുകള്‍ പൂട്ടി
മലപ്പുറം: വമ്പന്‍ ഇറച്ചിക്കോഴി ഉല്‍പാദക കമ്പനികള്‍ കേരളത്തില്‍ ചുവടുറപ്പിച്ചതോടെ ചെറുകിട കോഴി കര്‍ഷകര്‍ നിലനില്‍പ്പ് ഭീഷണിയില്‍.
പ്രതിസന്ധി രൂക്ഷമായതോടെ രണ്ടുലക്ഷത്തോളം ചെറുകിട ഫാമുകള്‍ അടച്ചുപൂട്ടി. ജി.എസ്.ടിയുടെ വരവോടെ രാജ്യത്തെ വമ്പന്‍ ഇറച്ചിക്കോഴി ഉല്‍പാദക കമ്പനികള്‍ രംഗം കീഴടക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
വി.എച്ച്.എല്‍, ശാന്തി, സുകുണ തുടങ്ങിയ കുത്തക കമ്പനികളാണ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. മുട്ട വിരിയിക്കുന്നതുമുതല്‍ ഉപഭോക്താവിന് കോഴി ലഭ്യമാകുന്ന റീട്ടെയില്‍ ഷോപ്പ് വരെയുള്ള കമ്പനികളാണിത്. ഇവ കേരളത്തിലുടനീളം ഔട്ട്‌ലറ്റുകളും തുറന്നുവരികയാണ്.
കോഴിക്കുഞ്ഞിന്റെ വില കൂട്ടിയും വില്‍പനക്ക് പാകമായ കോഴിക്ക് വില കുറച്ചും കേരളത്തിലെ ഫാമുകളെ ദുരിതത്തിലാക്കിയാണ് കമ്പനികള്‍ ഫാമുകള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചുതുടങ്ങിയത്.
ഒരു ദിവസം പ്രായമായ കുഞ്ഞിന് 42 രൂപയാണ് കര്‍ഷകര്‍ നല്‍കേണ്ടത്. നിലവില്‍ രാജ്യത്തെ 80 ശതമാനം കോഴിക്കുഞ്ഞുങ്ങളും വിരിയിക്കാനുള്ള മുട്ട വിതരണം ചെയ്യുന്നത് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെങ്കിടേശ്വര ഹാച്ചറി( വി.എച്ച്.എല്‍)യാണ്. ഇവര്‍ തമിഴ്‌നാട് ബ്രോയിലര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിവഴിയാണ് കുഞ്ഞുങ്ങളെ നല്‍കുന്നത്. നിലവില്‍ കോഴിവില നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്കും ഇവര്‍ക്കാണ്. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന് 42 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇതിനെ 40 ദിവസം വളര്‍ത്തി വലുതാക്കാന്‍ 39 രൂപയെങ്കിലും ചെലവുവരും. എന്നാല്‍, പാകമാകുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുക 52 രൂപയാണ്. ഇതോടെ നഷ്ടം ഇരട്ടിയായി കര്‍ഷകര്‍ രംഗം വിടുകയാണ്.
രണ്ടുമാസം കൊണ്ടാണ് മേഖലയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്. സ്വന്തമായി വളര്‍ത്തുന്നവര്‍ ഇല്ലാതാവുകയും കുത്തക കമ്പനികള്‍ വില നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതോടെ അവര്‍ നിശ്ചയിക്കുന്ന വിലക്ക് കോഴി വാങ്ങേണ്ട സ്ഥിതിയാണുണ്ടാകുക.
ഈ മേഖലയുടെ ദയനീയാവസ്ഥ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും കുത്തക കമ്പനികളുടെ ഇടപെടല്‍ മൂലമാണ് സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്നും കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജന. സെക്രട്ടറി കാദറലി വറ്റലൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."