വിഷരാസ പ്രയോഗം: പരസ്പരം പഴിചാരി ബ്രിട്ടനും റഷ്യയും
ബ്രസല്‍സ്: ബ്രിട്ടന്റെ മുന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനു നേരെ നടന്ന വധശ്രമത്തില്‍ പരസ്പരം പഴിചാരി ബ്രിട്ടനും റഷ്യയും. സ്‌ക്രിപാലിനെതിരേ പ്രയോഗിച്ച വിഷരാസവസ്തുവിന്റെ സംഭരണി തന്നെ റഷ്യയ്ക്കുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സ് ആരോപിച്ചു. എന്നാല്‍, ആക്രമണത്തിന് ഉപയോഗിച്ച വിഷരാസവസ്തു ബ്രിട്ടനിലെ ഗവേഷണ ലബോറട്ടറിയില്‍നിന്നു ലഭിച്ചതാകാമെന്ന് റഷ്യയുടെ യൂറോപ്യന്‍ യൂനിയന്‍(ഇ.യു) അംബാസഡര്‍ വ്‌ളാദ്മിര്‍ ഷിസോവ് പറഞ്ഞു.
ഷിസോവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ബോറിസ് ജോണ്‍സണ്‍. റഷ്യ കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഇത്തരം വിഷരാസവസ്തു നിര്‍മിക്കുകയും സംഭരിക്കുകയും ചെയ്യുന്നതിന്റെ വ്യക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ജോണ്‍സണ്‍ പറഞ്ഞു.
സ്‌ക്രിപാലിനും മകള്‍ക്കുമെതിരേ ആക്രമണം നടന്ന സാലിസ്ബറിയില്‍നിന്ന് 12 കി.മീറ്റര്‍ അകലെയുള്ള വില്‍റ്റ്ഷയറിലെ പോര്‍ട്ടണ്‍ ഡോണ്‍ ലാബില്‍ ഇത്തരത്തിലുള്ള വിഷരാസവസ്തു ഉണ്ടെന്നായിരുന്നു വ്‌ളാദ്മിര്‍ ഷിസോവിന്റെ ആരോപണം.സ്‌ക്രിപാലും മകള്‍ യൂലിയയും ഇപ്പോഴും ഗുരുതരാവസ്ഥയിലാണു കഴിയുന്നത്. ഇവര്‍ക്കെതിരേ ഉപയോഗിച്ച രാസവസ്തു പരിശോധിക്കാനായി ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കന്‍ വെപണ്‍സ്(ഒ.പി.സി.ഡബ്ലു) സംഘം ഇന്ന് ലണ്ടനിലെത്തുന്നുണ്ട്. സംഘം രാസവസ്തുവിന്റെ സാംപിളുകള്‍ ലബോറട്ടറിയില്‍ പരിശോധിക്കും. പരിശോധനാഫലം രണ്ട് ആഴ്ചയ്ക്കുള്ളില്‍ പുറത്തുവരുമെന്നാണു കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."