ആഫ്രീന്‍ നഗരം തുര്‍ക്കി സഖ്യസേന കീഴടക്കി
ദമസ്‌കസ്: വടക്കന്‍ സിറിയയിലെ ആഫ്രീനില്‍നിന്ന് കുര്‍ദ് പോരാളികളെ തുര്‍ക്കി സഖ്യസേന പുറത്താക്കി. നഗരത്തിന്റെ പൂര്‍ണനിയന്ത്രണം സ്വന്തമാക്കിയതായി തുര്‍ക്കി അവകാശപ്പെട്ടു. തുര്‍ക്കി-ഫ്രീ സിറിയന്‍ ആര്‍മി സൈനികര്‍ നഗരത്തില്‍ പതാക പാറിപ്പിക്കുന്നതിന്റെയും കുര്‍ദ് നേതാക്കളുടെ പ്രതിമ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ രാവിലെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആണ് സൈനികനടപടി വിജയംകണ്ട വിവരം പുറത്തുവിട്ടത്. ഫ്രീ സിറിയന്‍ ആര്‍മിയുടെ യൂനിറ്റുകള്‍ ചേര്‍ന്ന് ആഫ്രീന്‍ നഗരത്തിന്റെ കേന്ദ്രഭാഗങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയിരിക്കുന്നുവെന്നായിരുന്നു ഉര്‍ദുഗാന്റെ പ്രഖ്യാപനം. ഭീകരരുടെ കീറത്തുണികള്‍ക്കു പകരം ആഫ്രീന്റെ കേന്ദ്രത്തില്‍ വിശ്വാസത്തിന്റെയും സുസ്ഥിരതയുടെയും പതാകകള്‍ പാറിക്കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ ഒരു തരത്തിലുമുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നില്ലെന്ന് ഫ്രീ സിറിയന്‍ ആര്‍മി വക്താവ് മുഹമ്മദ് അല്‍ ഹമദീന്‍ പറഞ്ഞു. നേരത്തെ തന്നെ നഗരത്തില്‍നിന്ന് ഭീകരര്‍ രക്ഷപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരത്തില്‍ കുര്‍ദ് സൈന്യം സ്ഥാപിച്ച കുഴിബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്.
രണ്ടു മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് അതിര്‍ത്തി പ്രദേശമായ ആഫ്രീനില്‍നിന്ന് കുര്‍ദ് സൈന്യത്തെ തുര്‍ക്കി സഖ്യസേന പുറത്താക്കുന്നത്. തുര്‍ക്കി ഭീകരസംഘമായി കണക്കാക്കുന്ന പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റി(വൈ.പി.ജി)നെ മേഖലയില്‍നിന്നു തുരത്താനായാണ് കഴിഞ്ഞ മാസം ആദ്യ വാരം സൈനിക നടപടി ആരംഭിച്ചത്. സംഘം തങ്ങളുടെ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നു കാണിച്ചായിരുന്നു നടപടി. നീക്കത്തെ തുടക്കത്തില്‍ സിറിയന്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നെങ്കിലും തുര്‍ക്കിക്കെതിരേ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. വൈ.പി.ജി സൈന്യത്തെ അമേരിക്ക സഹായിക്കുന്നുണ്ട്.
രണ്ടു മാസത്തിനിടെ ഇവിടെ 280 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു. എന്നാല്‍, കുര്‍ദ് സൈനികര്‍ മാത്രമാണു തങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും തിരിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും തുര്‍ക്കി പ്രതികരിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഒന്നര ലക്ഷത്തിലേറെ നാട്ടുകാര്‍ മറ്റു ഭാഗങ്ങളിലേക്കു പലായനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."