ഒരു കുടയും കുഞ്ഞുമരവും- പരിസ്ഥിതി ദിനത്തില്‍ വേറിട്ട പദ്ധതിയുമായി നഗരസഭാ കൗണ്‍സിലര്‍
നിലമ്പൂര്‍: പരിസ്ഥിതിയെ സ്‌നേഹിക്കാന്‍ ജനങ്ങളെ ബോധവാന്‍മാരാക്കിയിട്ടെ അടങ്ങൂ എന്ന ദൃഢപ്രതിജ്ഞയിലാണ് നിലമ്പൂര്‍ നഗരസഭയിലെ ചന്തക്കുന്ന് ഡിവിഷന്‍ കൗണ്‍സിലറായ മുസ്തഫ കളത്തുംപടിക്കല്‍. ഇരു മുന്നണികളുടെ കരുത്തരായ നേതാക്കളെ പരാജയപ്പെടുത്തിയാണ് ഇത്തവണ സ്വതന്ത്രനായി മല്‍സരിച്ച് മുസ്തഫ നഗരസഭ കൗണ്‍സിലറായത്. പ്രകൃതിക്കുവേണ്ടി കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മുസ്തഫ ഒറ്റയാള്‍ പോരാട്ടത്തിലാണ്. ഇതിനിടെ രണ്ടുതവണ ജനപ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടു. മുസ്തഫയുടെ ചില പദ്ധതികള്‍ സര്‍ക്കാര്‍ പൈലറ്റ് പദ്ധതിയാക്കി പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഒട്ടാകെ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ വര്‍ഷവും വേറിട്ട പദ്ധതികളാണ് മുസ്തഫ തന്റെ പ്രദേശത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഡിവിഷനിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും നെല്ലി, സീതപ്പഴം, ലക്ഷ്മിതരു വൃക്ഷത്തൈകളും സമൂഹത്തില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുന്നതിന് പരിസ്ഥിതി സന്ദേശങ്ങള്‍ ആലേഖനം ചെയ്ത വെള്ള നിറത്തിലുള്ള കുടയും സൗജന്യമായി നല്‍കുന്ന ഒരു കുടയും കുഞ്ഞുമരവും പദ്ധതിയാണ് ഇത്തവണ നടപ്പാക്കുന്നത്.
മഴവെള്ളം കരുതിവെക്കുകയും മഴക്കുഴിയുണ്ടാക്കി മഴവെള്ളം മണ്ണിലാഴ്ത്താനും സംഭരിക്കാനും മണ്ണിനെ നനവും പച്ചപ്പുമുള്ളതാക്കി നിലനിര്‍ത്താനും പദ്ധതി സഹായകരമാകും. നന്നായി സംരക്ഷിക്കുന്ന വീട്ടമ്മക്ക് വര്‍ഷം തോറും പ്രകൃതിമിത്ര അവാര്‍ഡും പദ്ധതിയുടെ ഭാഗമായി നല്‍കും. വീട്ടുമുറ്റത്ത് നടുന്ന മരങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുകയാണ് അവാര്‍ഡിന്റെ ലക്ഷ്യം. അഞ്ചുവര്‍ഷം കൊണ്ട് ചന്തക്കുന്ന് ഡിവിഷനില്‍ 5000 വൃക്ഷത്തൈകള്‍ നടുകയും നടുന്ന മരങ്ങള്‍ക്ക് സ്വന്തം മക്കളുടെ പേരുകള്‍ നല്‍കി വളര്‍ത്തുകയും ചെയ്യുന്നതോടൊപ്പം വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ഒരു മരം വീതം നട്ടുപിടിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മുസ്തഫ കളത്തുംപടിക്കല്‍ പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ ആയിരുന്നപ്പോള്‍ തന്റെ വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്ലാസ്റ്റിക് നിര്‍മാര്‍ജനം ലക്ഷ്യമിട്ട് തുണിസഞ്ചികള്‍ വിതരണം ചെയ്തിരുന്നു. കൂടാതെ വൃന്ദാവനം അംഗനവാടിയില്‍ ശിശുമരം പദ്ധതി നടപ്പിലാക്കിയും മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ബസില്‍ പരിസ്ഥിതി സന്ദേശമടങ്ങിയ ടിക്കറ്റ് നല്‍കിയും ശ്രദ്ധേയനായിരുന്നു.
ഒരു കുടയും കുഞ്ഞുമരവും പദ്ധതിയുടെ അഞ്ചിന് ഉച്ചയ്ക്ക് 2.30ന് വൃന്ദാവനത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആര്‍.ആടലരശന്‍, എസി.എ.ഫ് വി.പി. ജയപ്രകാശ്, നഗരസഭ കൗണ്‍സിലര്‍മാര്‍, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."