അജയ്യനായി പുടിന്‍
മോസ്‌കോ: സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന കിര്‍ഗിസ്താനിലെ പ്രശസ്ത പര്‍വതത്തിന്റെ പേരാണ് വ്‌ളാദ്മിര്‍ പുടിന്‍. റഷ്യയില്‍ പര്‍വതസമാനനായി അജയ്യനായി തുടരുകയാണ് പ്രസിഡന്റ് പുടിന്‍. അന്താരാഷ്ട്ര നയതന്ത്ര പ്രതിസന്ധികള്‍ക്കിടെയും പുടിന് റഷ്യന്‍ ജനത സമ്പൂര്‍ണ പിന്തുണ ഉറപ്പാക്കുകയായിരുന്നു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലൂടെ. അടുത്ത ആറു വര്‍ഷം കൂടി ലോകത്തെ ഏറ്റവും വലിയ രാജ്യത്തെ പുടിന്‍ ഏകാധിപതിയെ പോലെ നയിക്കും.
ലിബറല്‍ നേതാവും പുടിന്റെ മുന്‍ രാഷ്ട്രീയഗുരു അനാട്ടോളി സോബ്ചക്കിന്റെ മകളുമായ സെനിയ സോബ്ചക്ക്, കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയും ശതകോടീശ്വരനുമായ പാവെല്‍ ഗ്രൂഡിനിന്‍, റഷ്യയിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും സെമിറ്റിക് വിരുദ്ധ-അതിദേശീയതവാദിയുമായ വ്‌ളാദ്മിര്‍ ഷിറിനോവ്‌സ്‌കി എന്നിവരടക്കം ഏഴു പേരായിരുന്നു പുടിനെതിരേ മത്സരിക്കാനുണ്ടായിരുന്നത്. പാവെല്‍ ഗ്രൂഡിനിന് 11.8 ശതമാനവും വ്‌ളാദ്മിര്‍ ഷിറിനോവ്‌സ്‌കിക്ക് 5.6 ശതമാനവും സോബ്ചക്കിന് 1.6 ശതമാനവും വോട്ടാണു നേടാനായത്. പുടിന്റെ പ്രധാന എതിരാളിയായ പ്രതിപക്ഷ നേതാവ് അലെക്‌സി നവാല്‍നിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കിയിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് മാസങ്ങളായി തുടരുന്ന വിവാദങ്ങള്‍, തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം മുന്‍പ് ബ്രിട്ടന്റെ മുന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേരെ രാസവാതകം ഉപയോഗിച്ച് നടന്ന വധശ്രമം, സിറിയന്‍ യുദ്ധത്തിലെ റഷ്യന്‍ ഇടപെടല്‍, ക്രീമിയയ്ക്കു നേരെയുള്ള കൈയേറ്റം, ഉക്രൈനിലെ സൈനിക നടപടി തുടങ്ങിയ നിരവധി വിവാദങ്ങള്‍ കത്തിനിന്ന അന്തരീക്ഷത്തിലായിരുന്നു റഷ്യ പോളിങ് ബൂത്തിലെത്തിയത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദത്തില്‍നിന്നു വ്യത്യസ്തമായി ബ്രിട്ടീഷ് ചാരന്റെ സംഭവത്തില്‍ റഷ്യയ്‌ക്കെതിരേ യൂറോപ്യന്‍ യൂനിയന്‍ അടക്കമുള്ള കക്ഷികള്‍ ശക്തമായി രംഗത്തെത്തുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതൊന്നും തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിച്ചില്ലെന്നാണു വ്യക്തമാകുന്നത്.
2024 വരെ റഷ്യയുടെ അമരത്ത് ഏകാധിപതിയെ പോലെ അരങ്ങുവാഴാനാണു വീണ്ടും അവസരമൊരുങ്ങിയിരിക്കുന്നത്. സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിനു ശേഷം രാജ്യം കണ്ട ഏറ്റവും ശക്തനായ നേതാവാണ് പുടിന്‍. രാജ്യത്ത് പ്രധാനമന്ത്രി പദവിയില്‍ അടക്കം ഭരണപരിഷ്‌കരണം നടത്തുമെന്നും പടിഞ്ഞാറിനെതിരേ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. അയല്‍രാജ്യമായ ചൈനയില്‍ ഷി ജിന്‍പിങ് ഏകാധിപതിയായി വാഴിക്കപ്പെട്ട് ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് പുടിന്റെ വന്‍ വിജയവുമെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."