കംപ്യൂട്ടര്‍വല്‍ക്കരണം വൈകുന്നു; റേഷന്‍ വിതരണം സ്തംഭിച്ചേക്കും
മലപ്പുറം: സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ പോസ് മെഷിനുകള്‍ സ്ഥാപിക്കുന്നതിലെ കാലതാമസം റേഷന്‍ വിതരണത്തെ ബാധിക്കുമെന്ന് ആശങ്ക. എല്ലാ റേഷന്‍ കടകളിലും മാര്‍ച്ച് 31നകം ഇ പോസ് മെഷിന്‍ സ്ഥാപിച്ച് റേഷന്‍ വിതരണം കംപ്യൂട്ടര്‍വല്‍ക്കരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. നിലവില്‍ സംസ്ഥാനത്തെ പകുതി റേഷന്‍കടകളില്‍ പോലും ഇ പോസ് മെഷിന്‍ സ്ഥാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അടുത്ത മാസം മുതല്‍ കേരളത്തിനുള്ള റേഷന്‍ വിഹിതം നിര്‍ത്തലാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇതു റേഷന്‍ വിതരണം സ്തംഭിക്കാന്‍ ഇടയാക്കും.
സംസ്ഥാനത്ത് ആകെയുള്ള 14,345 റേഷന്‍ കടകളില്‍ ഇതുവരെ മെഷിന്‍ വിതരണം നടന്നത് ആറായിരത്തോളം കടകളില്‍ മാത്രമാണ്. ശേഷിക്കുന്ന 8,345 കടകളില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇ പോസ് മെഷിനുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. എല്ലാ റേഷന്‍ കടകളിലും കംപ്യൂട്ടര്‍വല്‍ക്കരണം നടന്നാലേ ഭക്ഷ്യസുരക്ഷാ നിയമം പൂര്‍ണമാവുകയുള്ളൂ.
ഇപ്പോഴത്തെ നിലയില്‍ ഈ മാസം 31ന് മുന്‍പ് മുഴുവന്‍ റേഷന്‍കടകളിലും മെഷിന്‍ സ്ഥാപിക്കല്‍ ശ്രമകരമാണ്. കൂടാതെ ഇ പോസ് മെഷിനുകള്‍ വിതരണം ചെയ്തതിനു ശേഷം കടയുടമകള്‍ക്കും കാര്‍ഡ് ഉടമകള്‍ക്കും യന്ത്രം പരിചയപ്പെടുത്തുന്നതിനായി പരിശീലനവും നല്‍കേണ്ടതുണ്ട്.
കംപ്യൂട്ടര്‍വല്‍ക്കരണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിഹിതം തടയുന്ന പക്ഷം സംസ്ഥാനത്തെ റേഷന്‍ വിതരണം മുടങ്ങും. 14.25 ലക്ഷം ടണ്‍ അരിയാണ് പ്രതിമാസം കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 31നു മുന്‍പ് എല്ലാ റേഷന്‍ കടകളിലും മെഷിന്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ വര്‍ഷം കേന്ദ്ര ഭക്ഷ്യ വകുപ്പില്‍നിന്ന് നല്‍കിയിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയിലാണ് മെഷിന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ക്ക് സംസ്ഥാനത്ത് തുടക്കമായത്. മാര്‍ച്ച് 31ഓടെ കേരളത്തിലെ മുഴുവന്‍ റേഷന്‍ കടകളിലും മെഷിന്‍ സ്ഥാപിക്കുമെന്നായിരുന്നു ഭക്ഷ്യ, പൊതുവിതരണ മന്ത്രി പി. തിലോത്തമന്റെ പ്രഖ്യാപനം. എന്നാല്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇതുവരെ മെഷിന്‍ വിതരണം പൂര്‍ത്തിയായിട്ടില്ല. ഹൈദരാബാദിലെ സ്വകാര്യ കമ്പനിക്കാണ് മെഷിന്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ നല്‍കിയിട്ടുള്ളത്.
ഇ പോസ് മെഷിന്‍ സ്ഥാപിക്കുന്നതോടെ ഭക്ഷ്യധാന്യങ്ങളുടെ വിതരണം അനുവദിക്കപ്പെട്ട അളവിലും തൂക്കത്തിലും കൃത്യമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാകും. കാര്‍ഡ് ഉടമയ്‌ക്കോ കാര്‍ഡില്‍ പേരുള്‍പ്പെട്ട മറ്റൊരു വ്യക്തിക്കോ റേഷന്‍ കാര്‍ഡുമായെത്തി റേഷന്‍ സാധനങ്ങള്‍ വാങ്ങാം. കാര്‍ഡില്‍ പേരില്ലാത്തവര്‍ക്ക് റേഷന്‍ വാങ്ങാനാകില്ല.
ഇതോടെ റേഷന്‍ വിതരണം സുതാര്യമാകുമെങ്കിലും സര്‍ക്കാര്‍ നല്‍കുന്ന പുതിയ കമ്മിഷന്‍ വ്യവസ്ഥയില്‍ കടയുടമകള്‍ക്ക് അതൃപ്തിയുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച കമ്മിഷന്‍ വ്യവസ്ഥക്കെതിരേ റേഷന്‍ വ്യാപാരികള്‍ രംഗത്തുവന്നാല്‍ റേഷന്‍ പ്രതിസന്ധി ഇരട്ടിയാകും.
ജീവനക്കാരന്റെ കൂലി, കടയുടെ വാടക, വൈദ്യുതി ബില്‍, സ്റ്റേഷനറി, യാത്രാ ചെലവ് എന്നിവടയടക്കം വ്യാപാരിതന്നെ വഹിക്കണമെന്നിരിക്കെ നിലവിലെ കമ്മിഷന്‍ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നാണ് റേഷന്‍ കടയുടമകളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."