ഉത്തരവിനു പുല്ലുവില; ഫ്‌ളക്‌സ് നിരോധിച്ചുള്ള ബോര്‍ഡുകളും ഫ്‌ളക്‌സില്‍ തന്നെ
ഏറ്റുമാനൂര്‍ : ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കും ബാനറുകള്‍ക്കും എതിരെയുള്ള പ്രചാരണം സര്‍ക്കാര്‍ തലത്തില്‍ പൊടിപൊടിക്കുമ്പോഴും നിരോധന ഉത്തരവ് പ്രദര്‍ശിപ്പിച്ചുകൊണ്ടുതന്നെ ഫ്‌ളക്‌സ് പ്രളയം. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് വേലി തന്നെ വിളവ് തിന്നുന്ന കാഴ്ച.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഫ്‌ലക്‌സും പ്ലാസ്റ്റിക്കും നിരോധിച്ചുകൊണ്ട് പുതിയ പ്രസിഡന്റ് ഉത്തരവ് ഇറക്കിയെങ്കിലും അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന നിലപാടിലാണ് പലയിടത്തും ക്ഷേത്രം അധികൃതര്‍. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പല ക്ഷേത്രങ്ങളിലും സ്ഥിതി ഇതുതന്നെ.
'കേരളാ ഹൈക്കോടതിയുടെ ഡബ്ല്യുപിസിഎം: 8436 ഓഫ് 2007 അനുസരിച്ച് ക്ഷേത്ര കോമ്പൗണ്ടിലോ ക്ഷേത്രമതിലിലോ യാതൊരു വിധ ഫ്‌ളക്‌സ് ബോര്‍ഡുകളും വയ്ക്കുവാന്‍ പാടുള്ളതല്ല' എന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെതായ നോട്ടീസ് ബോര്‍ഡ് അമ്പല മൈതാനിയിലും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വയ്ക്കുവാന്‍ പാടുള്ളതല്ല എന്ന ബോര്‍ഡുകള്‍ ഉണ്ടാക്കിയിരിക്കുന്നതാകട്ടെ ഫ്‌ളക്‌സിലും. ഈ ബോര്‍ഡുകള്‍ വായിച്ച് കൊണ്ട് ക്ഷേത്രമൈതാനിയിലൂടെ അമ്പലത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഏതൊരു ഭക്തനും കാണാനാവുക എണ്ണിയാലൊടുങ്ങാത്തത്ര ഫ്‌ളക്‌സ് ബോര്‍ഡുകള്‍. അതും ക്ഷേത്രം വക.
ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടി നിരോധന ഉത്തരവ് പ്രദര്‍ശിപ്പിച്ചിരിക്കുന്ന അതേ പോസ്റ്റില്‍ തന്നെ മറുവശം ദേവസ്വത്തിന്റേതായ വന്‍ ബോര്‍ഡും കാണാം. ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുന്ന പടിഞ്ഞാറേ ഗോപുരത്തില്‍ തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു വന്‍ ബോര്‍ഡുകള്‍. ഫ്‌ളക്‌സ് ബാനറുകള്‍ വേറെയും. കല്യാണമണ്ഡപത്തോടു ചേര്‍ന്നുള്ള ഉപദേശകസമിതി ഓഫീസിന്റേതുള്‍പ്പെടെയുള്ള ബോര്‍ഡുകളും ഫ്‌ളക്‌സില്‍ തന്നെ. പടിഞ്ഞാറെ ഗോപുരത്തിലുള്ള പോലീസ് എയ്ഡ് പോസ്റ്റിന് മുന്നില്‍ പോലീസിന്റെ വക സംഭാവനയും ഉണ്ട്. ഇവരെ സൂക്ഷിക്കുക എന്ന കൂറ്റന്‍ ബോര്‍ഡ്.
ഏപ്രില്‍ ഒന്ന് മുതല്‍ ക്ഷേത്രപരിസരത്ത് ഫ്‌ളക്‌സ് ബോര്‍ഡുകളും പ്ലാസ്റ്റിക്കും കര്‍ശനമായി നിരോധിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."