സഊദി കിരീടാവകാശി അമേരിക്കയില്‍; സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാകും
റിയാദ്: സഊദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദിന്റെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി. മധ്യേഷ്യയിലെ സുപ്രധാന വിഷയങ്ങളടക്കം വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകള്‍ക്ക് പുറമെ ലോകോത്തര കമ്പനികളുമായി ഒപ്പുവക്കുകയും ചെയ്യുന്നുണ്ട്.
മധ്യേഷ്യയിലെ സുപ്രധാന വിഷയമായ ഖത്തര്‍ ഉപരോധം, ഇറാന്‍ ആണവ കരാര്‍, മറ്റു രാജ്യങ്ങളിലെക്കുള്ള ഇറാന്‍ കടന്നു കയറ്റം എന്നിവ ചര്‍ച്ചയാകുമെന്നു സഊദി, അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍, ഇസ്രായേല്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമവും നേതാക്കള്‍ ചര്‍ച്ച ചെയ്യും.
ഇറാന്റെ ആണവ നയം, മേഖലയിലെ ഇടപെടല്‍, ഖത്തര്‍ നയതന്ത്ര പ്രശ്‌നപരിഹാരം, യമനില്‍ സമാധാനം പുനഃസ്ഥാപിക്കല്‍ എന്നിവയാണ് മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍. ഏഴ് വര്‍ഷം പിന്നിട്ട സിറിയന്‍ പ്രശ്‌നവും ഗൂഥയില്‍ നടക്കുന്ന രക്ത ചൊരിച്ചിലുകളും ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയിലെ വന്‍കിട കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും. ലോകത്തെ മികച്ച അമേരിക്കന്‍ കമ്പനികളുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം സഊദിയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കാനാണ് ശ്രമം നടത്തുകയാണ് ലക്ഷ്യം. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങി വന്‍കിട കമ്പനികളെയാണ് കിരീടാവകാശി ലക്ഷ്യമിടുന്നത്. കോടികളുടെ വാണിജ്യ നിക്ഷേപ കരാറുകളും അമേരിക്കയും സഊദിയും ഒപ്പുവക്കും.
എട്ട് പതിറ്റാണ്ട് നീണ്ട സഊദി, അമേരിക്കന്‍ സൗഹൃദത്തിന്റെ അന്തരീക്ഷത്തില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സഊദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഖത്തര്‍ അമീര്‍, യു.എ.ഇ നേതൃത്വം എന്നിവരുമായും അമേരിക്കന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതോടെ ഖത്തര്‍ പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരം കാണാനാകുമെന്നാണ് കരുതുന്നത്. ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ്, സാന്‍സ്ഫ്രാന്‍സിസ്‌കോ, ഹൂസ്റ്റണ്‍ തുടങ്ങിയ കേന്ദ്രങ്ങളിലായിരിക്കും സന്ദര്‍ശനം നടത്തുക. ലോസ് ഏഞ്ചല്‍സില്‍ വെച്ച് ലോകോത്തര സിനിമ കമ്പനികളുടെ നേതൃത്വവുമായും അദ്ദേഹം ചര്‍ച്ച നടത്തും.
നിരവധി മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ അമേരിക്കയിലെത്തിയ കിരീടാവകാശിയെ അമേരിക്കയിലെ സഊദി അംബാസിഡര്‍ പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രോട്ടോകോള്‍ ചീഫ് സീന്‍ പി ലൗലെര്‍, അറബ് സഖ്യസേനയുടെയും ഇസ്‌ലാമിക രാജ്യങ്ങളുടെയും അംബാസിഡര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ഹൃദ്യമായ സ്വീകാര്യമാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."