'കൈയേറ്റത്തിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണം'
കൊച്ചി : ബോണക്കാട് വനമേഖലയില്‍ അനധികൃത കടന്നു കയറ്റമുണ്ടായാല്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം ഇന്ന് തുടങ്ങാനിരിക്കെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
വനഭൂമിയിലേക്കുള്ള കടന്നു കയറ്റം തടയണമെന്ന ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ കഴിഞ്ഞ ഓഗസ്റ്റ് 31 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാണാക്കുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം വിതുര ദൈവ പരിപാലന ചര്‍ച്ച് വികാരി ഫാ. സെബാസ്റ്റ്യന്‍ കണിച്ചിക്കുന്നത്തിന്റെ നേതൃത്വത്തില്‍ പാരിഷ് അംഗങ്ങള്‍ വനഭൂമിയില്‍ കടന്നു കയറാന്‍ ശ്രമിച്ചെന്നും മരക്കുരിശ് സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കറിച്ചട്ടിമൊട്ട മലയെ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റനുള്ള ശ്രമമാണുള്ളതെന്നും കഴിഞ്ഞ ജനുവരി അഞ്ചിന് സംഘര്‍ഷമുണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കു പുറമേ ഫാ. സെബാസ്റ്റ്യന്‍ കണിച്ചിക്കുന്നത്ത്, നെയ്യാറ്റിന്‍കര ബിഷപ്പ്, നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്ക സഭയുടെ വികാരി ജനറല്‍ തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. പരുത്തിപ്പള്ളി റിസര്‍വ് വനമേഖലയുടെയും പേപ്പാറ വന്യജീവി സങ്കേതത്തിന്റെയും അതിര്‍ത്തി കടക്കാന്‍ പാരിഷ് അധികൃതരെ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന്റെ മറവില്‍ വനമേഖലയില്‍ കടന്നു കയറാനും കൈയേറാനും നീക്കമുണ്ടെന്നാരോപിച്ച് കല്ലാര്‍ സ്വദേശി സുകുമാരന്‍ കാണി, തൊടുപുഴ സ്വദേശി എംഎന്‍ ജയചന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി ഹൈക്കോടതി പിന്നീട് വിശദമായി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."