മ്യാന്‍മര്‍ പ്രസിഡന്റ് ടിന്‍ ച്യാവ് രാജിവച്ചു സമ്മര്‍ദത്തിലായി സൂക്കി
യാങ്കോന്‍: റോഹിംഗ്യകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്കെതിരേ ലോക വ്യാപകമായി പ്രതിഷേധം പുകയുന്നതിനിടെ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂക്കിയെ സമ്മര്‍ദത്തിലാക്കി പ്രസിഡന്റ് ടിന്‍ ച്യാവ് രാജിവച്ചു.
സൂക്കിയുടെ ഉറ്റ സുഹൃത്തായ ടിന്‍ ച്യാവിന്റെ രാജിക്കുള്ള കാരണം വ്യക്തമല്ല. നിലവിലെ ജോലിയില്‍ നിന്ന് മാറി വിശ്രമം ആവശ്യമായതിനാലാണ് രാജിയെന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.
മുന്‍ ജനറലും നിലവിലെ വൈസ് പ്രസിഡന്റുമായ മിന്റ് സ്വെക്കാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. ഏഴ് ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സൂചിയുടെ സ്‌കൂള്‍ സഹപാഠിയായിരുന്ന ടിന്‍ ച്യാവിനെ മുന്‍ നിര്‍ത്തിയായിരുന്നു സൂക്കിയുടെ ഇതുവരെയുള്ള ഭരണം. സൈനിക ഭരണത്തിനു ശേഷം 2016ലാണ് ടിന്‍ ച്യാവ് പ്രസിഡന്റായി ചുമതലയേറ്റത്. മക്കള്‍ക്ക് വിദേശ പൗരത്വമുള്ളതിനാല്‍ സര്‍ക്കാരിനെ നയിക്കുന്നതില്‍ നിന്ന് സൂക്കിയെ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സ്റ്റേറ്റ് കൗണ്‍സിലര്‍ എന്ന പ്രത്യേക പദവി സൂക്കിക്ക് അനുവദിച്ചത് ടിന്‍ ച്യാവായിരുന്നു. പ്രസിഡന്റാവുന്നതിന് മുന്‍പ് സൂക്കിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയുടെ ചുമതല ഇദ്ദേഹത്തിനായിരുന്നു.
ഔദ്യോഗികമായി ഭരണത്തില്‍ ടിന്‍ ച്യാവായിരുന്നെങ്കിലും സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നത് സൂക്കിയായിരുന്നു. റോഹിംഗ്യന്‍ വിഷയത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയുള്ള പ്രസിഡന്റിന്റെ അപ്രതീക്ഷിത രാജി സൂക്കിയെ വരും ദിനങ്ങളില്‍ സമ്മര്‍ദത്തിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."