ഫേസ് ബുക്ക് ചോര്‍ച്ച: കുറ്റസമ്മതം നടത്തി സുക്കര്‍ബര്‍ഗ്
സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ കുറ്റസമ്മതം നടത്തി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. തങ്ങളുടെ ഭാഗത്തുനിന്ന് വിശ്വസ വഞ്ചന സംഭവിച്ചതായി സുക്കര്‍ ബര്‍ഗ് സമ്മതിച്ചു. 'ആരോപണങ്ങള്‍ ശരിയാണ്. കേംബ്രിജ് അനലിറ്റിക്കയുമായുള്ള ഇടപാടിലാണ് വിശ്വാസ്യതാപ്രശ്‌നം സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ആവശ്യമായ മാറ്റങ്ങള്‍ വരുത്തും' -അദ്ദേഹം പറഞ്ഞു.
'ഫേസ്ബുക്ക് തുടങ്ങിയ വ്യക്തിയെന്ന നിലയില്‍ ഇതിനു ഞാന്‍ ഉത്തരവാദിയാണ്. വ്യക്തികളുടെ സ്വകാര്യത വിവരങ്ങള്‍ ചോര്‍ന്നത് ഞങ്ങളുടെ വിശ്വാസ്യതയ്ക്ക് കളങ്കം ചാര്‍ത്തി. ഇനി ഫേസ്ബുക്കില്‍ നിന്നും വിവരശേഖരണം നടത്തുന്ന ആപ്ലിക്കേഷനുകളെ സൂക്ഷമായി പരിശോധിക്കും'- അദ്ദേഹം ഉറപ്പു നല്‍കി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന ആപ്പ് ഉപയോഗിച്ച് ഫേസ്ബുക്കിലെ അഞ്ചുകോടി അംഗങ്ങളുടെ വിവരങ്ങള്‍ രാഷ്ട്രീയവിവര വിശകലന സ്ഥാപനമായ കാംബ്രിജ് അനലിറ്റിക്ക നിയമവിരുദ്ധമായി ശേഖരിച്ചുവെന്ന വാര്‍ത്ത നോരത്തെ പുറത്തുവന്നിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ അറിയാതെ വ്യക്തിഗതവിവരങ്ങള്‍ സ്വന്തമാക്കി അവരുടെ താല്‍പര്യങ്ങളും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ട്രംപ് പക്ഷത്തെ കാംബ്രിജ് അനലിറ്റിക്ക സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കേംബ്രിജ് അനലിറ്റിക്കയെയും ബന്ധപ്പെട്ടവരെയും ഫേസ്ബുക്ക് വിലക്കിയിട്ടുണ്ട് . വിവരങ്ങള്‍ പുറത്തായതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫേസ്ബുക്കിനും കേംബ്രിജ് അനലിറ്റിക്കിനുമെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഫേസ് ബുക്കിനെതിരെ ഇന്ത്യയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഫേസ്ബുക്ക് ഇടപെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ഇന്ത്യന്‍ കേന്ദ്ര വിവരസാങ്കേതികമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു.
അതിനിടെ, ഓഹിരി വിപണിയിയലും ഫേസ്ബുക്കിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്വകാര്യത ചോര്‍ന്നെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫേസ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ ഓഹരിവിലയിലെ തിരിച്ചടിയാണിത്. കമ്പനിയുടെ വിപണിമൂല്യത്തിലും 537 ബില്യണ്‍ ഡോളറില്‍ നിന്നും 494 ബില്യണ്‍ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവികാസം കൊണ്ട് ഫേ്‌സ്ബുക്ക് ഉടമ സുക്കര്‍ബര്‍ഗിന് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."