വിദ്യാര്‍ഥികളുടെ കാല്‍കുലേറ്ററുകള്‍ പിടിച്ചെടുത്ത അധ്യാപകനെതിരേ പ്രതിഷേധം
കുന്നംകുളം : പൊതു പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ അനുവദനീയമാണെന്നിരിക്കെ വിദ്യാര്‍ഥികളുടെ കാല്‍ക്കുലേറ്ററുകള്‍ പിടിച്ചെടുത്ത അധ്യാപകനെതിരെ പ്രതിഷേധം. വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യഭ്യാസ മന്ത്രിക്കുള്പടെ പരാതി നല്കി. പഴഞ്ഞി മങ്ങാട് ഹയര്‍ സെക്കന്ററി സക്കൂളില്‍ ഫിസിക്സ് പരീക്ഷക്കിടെയാണു സംഭവം. കുന്നംകുളം ആര്‍ത്താറ്റ് സ്വദേശിയായ അധ്യാപകനാണു പരീക്ഷ ആരംഭിക്കും മുന്‍പു കുട്ടികളില്‍ നിന്നും കാല്‍ക്കുലേറ്റര്‍ പിടിച്ചെടുത്തത്. ഇത് അനുവദനീയമാണെന്നു പറഞ്ഞെങ്കിലും അധ്യാപകന് അംഗീകരിച്ചില്ലെന്നും ഇതു മൂലം തീര്‍ത്തും മാനസിക സംഘര്ഷത്തിലൂന്നിയാണു പരീക്ഷയെ നേരിട്ടതെന്നും പറയുന്നു.
ഫിസിക്സിലെ ചോദ്യങ്ങള്‍ കണക്കുമായി ബന്ധപെട്ടാണെന്നതിനാല് മെമ്മറിയില്ലാത്ത കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിക്കാനുള്ള അനുവാദമുണ്ട്. സക്കൂളിലെ മറ്റെല്ലാ ക്ലാസ്സുകളിലും പരീക്ഷ എഴുതിയിരുന്ന വിദ്യാര്‍ഥികള്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഒരു ക്ലാസ്സില്‍ മാത്രം ഇതു നിഷേധിക്കപെട്ടു. കണക്കുകള്‍ എഴുതാന്‍ കാല്‍ക്കുലേറ്ററുമായി വന്ന 20 ഓളം കുട്ടികള്‍ക്കു ചോദ്യങ്ങള്‍ക്കു ഉത്തരം എഴുതാനായില്ലത്രെ.
ഏതാണ്ടു 60 മാര്‍ക്കു ലഭിക്കേണ്ട പരീക്ഷയില്‍ 45 മാര്‍ക്കിനുള്ള ചോദ്യങ്ങളും കണക്കുമായി ബന്ധപെട്ടവയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഫിസികസ് പരീക്ഷയില്‍ മാര്‍ക്ക് നഷ്ടപെട്ടത് അധ്യാപകന്റെ അറിവില്ലായ്മ മൂലമാണെന്നും അതിനാല്‍ പാസ് മാര്‍ക്കു അനുവദിക്കണമെന്നും വിദ്യഭ്യാസ വകുപ്പിനു നല്കിയ പരാതിയില്‍ ആവശ്യപെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്നു രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."