ഫഹദ് വധം: പ്രതിഭാഗം വിസ്താരം ഉടന്‍ തുടങ്ങും
കാസര്‍കോട്: അമ്പലത്തറ കണ്ണോത്തെ ഓട്ടോ ഡ്രൈവര്‍ മൊയ്തുവിന്റെ മകനും വിദ്യാര്‍ഥിയുമായിരുന്ന ഫഹദിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ അവസാന ഘട്ടത്തിലേക്ക്. പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയതോടെ പ്രതിഭാഗം വിസ്താരം അടുത്തയാഴ്ച ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ നടക്കും. 2015 ജൂലൈ ഒന്‍പതിനു രാവിലെയാണ് ജില്ലയെ നടുക്കിയ കൊലപാതകം നടന്നത്. കല്ല്യോട്ടെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന ഫഹദിനെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരിയ കണ്ണോത്തെ വിജയനാണ് കേസിലെ പ്രതി. സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബേക്കല്‍ പൊലിസ് വിജയനെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റു ചെയ്യുകയും മൂന്നു മാസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഫഹദിന്റെ പിതാവിനോടുള്ള വ്യക്തി വൈരാഗ്യമാണ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് (2) കോടതിയിലാണ് പൊലിസ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിന്നീട് വിചാരണക്ക് വേണ്ടി കേസ് ഫയലുകള്‍ ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
മൂന്നു മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരുകയായിരുന്നു. നാല്‍പതോളം സാക്ഷികളുള്ള കേസില്‍ 18 പേരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.രാഘവനാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."